സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം
Wednesday, January 22, 2025 9:19 AM IST
ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും ഗുരുതര പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയ്ക്ക് പതിനൊന്നായിരം രൂപയും പൊന്നാടയും സമ്മാനിച്ച് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി.
യാതൊന്നും പ്രതീക്ഷിച്ചില്ല സെയ്ഫ് അലിഖാനെ സഹായിച്ചതെന്നും സംഭവം വലിയ വാർത്തയായതോടെ വീട്ടുകാർ ഉൾപ്പടെയുള്ളവർ തന്നെ ഓർത്ത് ഇപ്പോൾ അഭിമാനിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഭജൻ സിംഗ് റാണയുടെ ആത്മാർഥത കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് ഫൈസാൻ പ്രതികരിച്ചു.
‘ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുന്നു എന്നേയുള്ളു. ഞാൻ നല്ല കാര്യം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. വീട്ടിൽ എല്ലാവർക്കും എന്നെ ഓർത്ത് അഭിമാനമുണ്ടെന്ന് പറയുന്നു. ഇതിൽപരം സന്തോഷമില്ലല്ലോ.’’റാണ പറയുന്നു.
രണ്ടു ദിവസം മുൻപ് സംഭവത്തിൽ മൊഴിയെടുക്കുവാൻ റാണയെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സെയ്ഫിന്റെ കുടുംബത്തിൽ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുവരെ ഫോണിൽപോലും ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴി നൽകിയ ശേഷം റാണ മാധ്യമങ്ങളോടു പറയുകയുണ്ടായി.
പോലീസ് വിളിച്ചപ്പോൾ ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിൽ പോയിരുന്നു. ആ സംഭവം നടന്ന ദിവസം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. സെയ്ഫ് അലി ഖാൻ ചോരയിൽ കുളിച്ചാണല്ലോ എന്റെ വണ്ടിയിൽ കയറിയത്.
അപ്പോൾ അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം എന്നുമാത്രമാണ് മനസിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് പൈസയുടെ കാര്യം ആലോചിച്ചില്ല. അവർ കണ്ടറിഞ്ഞ് തന്നതുമില്ല. സംഭവത്തിനു ശേഷം വേറെ ആരും എന്നെ വിളിച്ചിട്ടില്ല. കരീനയും കുടുംബത്തിലെ ആരും ഫോണിൽ പോലും വിളിച്ചിട്ടില്ല.’’–മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് റാണ ഇങ്ങനെ പ്രതികരിച്ചത്.
ദേശീയ മാധ്യമങ്ങൾക്കു മുൻപിൽ സംഭവത്തെക്കുറിച്ച് റാണ വിശദീകരിച്ചത് ഇങ്ങനെ: ‘‘കഴിഞ്ഞ 15 വർഷമായി ഇതേ വഴിയിൽ പതിവായി രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ. അപ്പോളാണ് ആ കെട്ടിടത്തിന്റെ ഗേറ്റിനു അപ്പുറത്തുനിന്നും ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് കേട്ടത്.
അതിലെ പോകുന്ന മറ്റു വണ്ടികളൊക്കെ നിർത്താതെ പോകുകയായിരുന്നു. നിലവിളി കേട്ട്, വണ്ടി യു ടേൺ എടുത്ത് അവരുടെ അരികിലേക്കെത്തി. എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. അവിടെ ഒരാൾ ചോരയിൽ കുളിച്ച് നിൽക്കുന്നുണ്ടായിരുന്നു.
കൂടെ നാലഞ്ചു പേരുമുണ്ടായിരുന്നു. അവർ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയിൽ കയറ്റി. അപ്പോൾ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ഏഴു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടിയും കുറച്ചു മുതിർന്ന ഒരു പുരുഷനുമായിരുന്നു അപ്പോൾ ഒപ്പം വന്നത്. ഓട്ടോയിൽ കയറുന്നതിനു മുൻപ് കുറച്ചുപേർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ കരീനയെ കണ്ടതായി ഓർക്കുന്നില്ല.''