ഏറെ സംതൃപ്തി നൽകിയ ചിത്രം, ആസിഫ് അലിയിലെ നടൻ കൂടുതൽ മികച്ചതാകുന്നു; രേഖചിത്രത്തെക്കുറിച്ച് ടി.എൻ. പ്രതാപൻ
Tuesday, January 14, 2025 3:41 PM IST
ആസിഫ് അലി നായകനായെത്തിയ രേഖചിത്രത്തെ പ്രശംസിച്ച് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് വൈസ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ഏറെ സംതൃപ്തി നൽകിയ ചിത്രമാണിതെന്നും ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ഇമോഷണലി കണക്ടാവുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായി രേഖാചിത്രം മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
""കഴിഞ്ഞ ദിവസം ആസിഫ് അലി, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം കണ്ടിരുന്നു. പ്രേക്ഷകനെന്ന നിലയിൽ ഏറെ സംതൃപ്തി തന്ന ചിത്രം. ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ഇമോഷണലി കണക്ടാവുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായി രേഖാചിത്രം മലയാള സിനിമ ചരിത്രത്തിൽ രേഖപെടുത്തപ്പെടും.
ഏറെ മികച്ച തിരക്കഥയുടെ ബലത്തിൽ ഒരു നിമിഷം പോലും ശ്രദ്ധ തെറ്റാതെ കണ്ടിരുന്ന് പോവുന്ന അവതരണമാണ് പ്രിയപ്പെട്ട ജോഫിൻ ടി. ചക്കോ എന്ന സംവിധായകനിലൂടെ നമുക്ക് ലഭിച്ചത്.
ഒരു വല്ലാത്ത കൈയടക്കം ഓരോ സീനിലും നമുക്ക് അറിയാനാവുന്നു. കെട്ടുറപ്പുള്ള മികച്ച തിരക്കഥയൊരുക്കിയ ജോൺ മന്ത്രിക്കലിന്റെ തൂലിക ഇനിയും മികച്ച ചിത്രങ്ങൾ ഒരുക്കുന്നതാവട്ടെ. ഇത്രയും മനോഹരമായ ചിത്രം നിർമിച്ച വേണു കുന്നപ്പിള്ളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
അഭിനേതാക്കളുടെ പ്രകടനങ്ങൾ എല്ലാം തന്നെ മികച്ചതാണ്. ഒരോ ചെറിയ കഥാപ്രാത്രം പോലും മനസിനെ സ്പർശിക്കുന്നവ. അനശ്വരയുടെ പ്രകടനം മികവ് അളന്നെടുക്കുന്നു എന്ന് മാത്രമല്ല, മലയാള സിനിമക്ക് പ്രതിഭാധനയായ ഒരു നായികയെ പെർഫോമറെ സമ്മാനിക്കുകയാണ്. തൊള്ളായിരത്തി എൺപതുകളിലെ സിനിമക്കാസ്പദമായ കാലപശ്ചാത്തലം, വിശിഷ്യാ കാതോട് കാതോരം സിനിമയുടെ സെറ്റും എത്രമനോരമായാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഇതിലെ സുപ്രധാന കഥാപാത്രമായ മമ്മുക്കയെ തന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്നതിലും മേലെ സിനിമ അനുഭവേദ്യമാക്കുന്നുണ്ട്.
ആസിഫ് അലി......കെട്ടകാലത്ത് തന്നെ ചേർത്തു പിടിച്ച തന്റെ പ്രിയപ്രേക്ഷകർക്ക് വേണ്ടി തന്റെ വിജയങ്ങൾ സമർപ്പിച്ച കലാകാരനാണ് താങ്കൾ. സമ്പൂർണ സമർപണ ബോധമുള്ള നടൻ. ഒരോ ചിത്രം കഴിയുമ്പോഴും ആസിഫിലെ നടനെന്ന വൈഭവം കൂടുതൽ മികവാർന്നതാവുന്നു എന്നത് ഒരു സിനിമാസ്നേഹി എന്ന നിലയിൽ സന്തോഷത്തോടെ അനുഭവിച്ചറിയുന്നുണ്ട്.
രേഖാച്ചിത്രത്തിൽ ആസിഫിന് മികച്ച പ്രകടനം നമുക്ക് കാണാം. കഴിഞ്ഞ കുറച്ചു കാലങ്ങളായി കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുമ്പോൾ താങ്കൾ പുലർത്തുന്ന ജാഗ്രത കൂടുതൽ മികവുറ്റ സിനിമകളെ മലയാളിക്ക് സമ്മാനിക്കും എന്നുറപ്പാണ്. രേഖാച്ചിത്രം എന്ന മനോഹര സിനിമക്ക് പിന്നിൽ അണിനിരന്ന എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.''-ടി.എൻ. പ്രതാപൻ കുറിച്ചു.