നായകനും സംവിധായകനും ശേഷം നായിക, ആരതി എടുക്കുന്നതിൽ വരെ വിവേചനം; നിത്യ മേനന് പറയുന്നു
Tuesday, January 14, 2025 11:40 AM IST
സിനിമ രംഗത്തെ വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ മേനന്. നായകന്, സംവിധായകന്, നായിക എന്ന ക്രമത്തിലാണ് സെറ്റില്‍ അധികാരമെന്നും ആരതി എടുക്കുന്നതു മുതല്‍ സെറ്റിലേക്ക് വിളിക്കുന്നതില്‍ വരെ വിവേചനമുണ്ടെന്നും നടി വ്യക്തമാക്കി. പുതിയ ചിത്രം കാതലിക്ക നേരമില്ലൈ സിനിമയുടെ പ്രമോഷന് ചടങ്ങിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
കാതലിക്ക നേരമില്ലൈയില്‍ ജയം രവിയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിത്യയുടെ പേരാണ് ആദ്യം നല്‍കിയത്. നിത്യയ്ക്ക് തുല്യ പ്രാധാന്യമുള്ള കഥാപാത്രമായതിനാലാണ് നടിയുടെ പേര് ആദ്യം നല്‍കിയത് എന്നായിരുന്നു ജയം രവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു നിത്യ.
നിത്യ എന്ന പേര് ഞാന്‍ ആദ്യം കണ്ടപ്പോള്‍, ആളുകളുടെ മനസിലുള്ള എന്തോ ഒന്നിനെ സുഖപ്പെടുത്തുമെന്ന് തോന്നി. ഒരുപക്ഷേ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന മാറ്റിനിര്‍ത്തലുകള്‍ക്ക് ഒരു പരിഹാരമായിട്ടാകാം. ഇതൊരു പുതിയ പാത വെട്ടലാണ്. സംവിധായകനോ ഞാനോ മാത്രമല്ല, രവിയും അതിന്റെ ഭാഗമാണ്. തീരുമാനവുമായി മുന്നോട്ടുപോകാന്‍ പറഞ്ഞത് അദ്ദേഹമാണ്.
വ്യക്തമായ ഒരു ഹൈറാര്‍ക്കി സിമയില്‍ ഉണ്ട്, അല്ലേ? നായകന്, സംവിധായകന്, നായിക ഇതാണ് ക്രമം. കാരവാനുകള്‍ അങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത്, വേദിയിലേക്ക് വിളിക്കുന്നത് അങ്ങനെയാണ്. ആരതി എടുത്താല്‍ അവര്‍ നിങ്ങള്‍ക്ക് നല്കുന്ന ഓര്‍ഡര്‍ അതാണ്.
ആളുകള്‍ നില്ക്കുന്ന ഓര്‍ഡര്‍ പോലുമല്ല ഇത്. ഇത് എന്നെ അലട്ടുന്നു, നിങ്ങള്‍ക്ക് ഇതുപോലുള്ള ഒരു ജീവിതം നയിക്കാനാണോ ഇഷ്ടം? ഇത് ഇടുങ്ങിയ ചിന്താഗതിയാണ്. സാധാരണമായിരിക്കുകയാണ് വേണ്ടത്. സ്വാഭാവികമായിരിക്കുക. ആളുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്നിടത്ത് അംഗീകാരം നല്‍കുക, അവര്‍ ഒരു സ്ത്രീയായാലും പുരുഷനായാലും. നിത്യ മേനന് പറഞ്ഞു.