ഇത് പോര, കുറച്ചുകൂടി സൈസ് വേണം; നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്
Monday, January 13, 2025 3:06 PM IST
നടിക്കെതിരെ പൊതു വേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന് ത്രിനാഥ റാവു നക്കിനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്റെ അധിക്ഷേപ പരാമര്‍ശം.
ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കൃഷ്ണനും റിതു വര്‍മയും നായികാനായകന്മാരാവുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ടീസര്‍ ലോഞ്ചിനിടെ അന്‍ഷുവിനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ത്രിനാഥ റാവു പറഞ്ഞതാണ് വിവാദത്തിൽ കലാശിച്ചത്.
""നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു പരാമര്‍ശം. അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്പരപ്പിക്കാറുണ്ട്. ഇവള് എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി.
അന്‍ഷുവിനു വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു. ഇപ്പോള്‍ ആ സിനിമയിലേതു പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വെക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ലരീതിയില്‍ അവള് മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും.'' ത്രിനാഥ റാവു നക്കിന പറഞ്ഞു.
ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും കുറിക്കുന്നത്. ഇത് ആദ്യമായല്ല സംവിധായകന് വിവാദത്തില്‍പ്പെടുന്നത്. 2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.