റേസിംഗിന് പോകാൻ അനുവദിച്ചതിന് നന്ദി ശാലു; അജിത്തിന് സ്നേഹചുംബനം നൽകി ശാലിനി
Monday, January 13, 2025 11:28 AM IST
13 വര്‍ഷത്തിനു ശേഷം റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തി മൂന്നാം സ്ഥാനം നേടിയ അജിത്ത് കുമാറിന് പ്രശംസയുമായി ആരാധകരും സിനിമലോകവും. കമൽഹാസൻ, മാധവൻ അടക്കമുള്ളവർ താരത്തെ പ്രശംസിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്റെ വീഡിയോ ആരാധകരുടെ ഇടയിൽ വൈറലായി.
എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തിനേയും അതുകേട്ട് ചിരിക്കുന്ന ശാലിനുയേയും വീഡിയോയില്‍ കാണാം. റേസിനുപിന്നാലെ ശാലിനിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന അജിത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകള്‍ അനൗഷ്കയും മകൻ ആദ്വിക്കും ദുബായിലെത്തിയിരുന്നു.
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായാണ് അജിത്തും സംഘവും ഫിനിഷ് ചെയ്തത്. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിംഗില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2002ല്‍ റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തിയ താരം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍ ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
2004-ല്‍ ബ്രിട്ടിഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കായിപ്പോയതിനാൽ കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ. അജിത് കുമാര്‍ റേസിംഗ് എന്ന റേസിംഗ് ടീമിന്റെ ഉടമ കൂടിയാണ് താരം.