ആ റോളക്സ് വാച്ചിന് പകരം മമ്മൂട്ടിക്ക് ഞാനെന്ത് കൊടുക്കുമെന്ന് ആസിഫ് അലി; ഒരുമ്മ മതിയെന്ന് മമ്മൂട്ടിച്ചേട്ടൻ
Monday, January 13, 2025 11:08 AM IST
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആസിഫ് അലി നൽകിയ ഒരുമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. രേഖാചിത്രം സിനിമയുടെ സക്സസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ കവിളിൽ ആസിഫിന്റെ മധുരമുത്തം പതിഞ്ഞത്.
2022ല്‍ റിലീസായ മമ്മൂട്ടിയുടെ മിസ്റ്ററി ത്രില്ലര്‍ റോഷാക്കില്‍ മുഖം കാണിക്കാതെ അഭിനയിച്ചതിന് ആസിഫ് അലിക്ക് മമ്മൂട്ടി ഒരു റോളക്സ് വാച്ച് സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി നായകനായ രേഖാചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമായിരിക്കുകയാണ്. ഇതിന് താന്‍ എന്ത് നല്‍കണമെന്ന ആസിഫ് അലിയുടെ ചോദ്യത്തിന് കവിളിൽ ഒരു ചുംബനം സമ്മാനമായി നൽകാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു
റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് വാച്ച് തന്നു. തിരിച്ച് ഞാനെന്താണ് കൊടുക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ആസിഫ് അലി ഇത് പറഞ്ഞപ്പോള്‍ കവിള് തൊട്ട് കാണിക്കുകയായിരുന്നു മമ്മൂട്ടി. സന്തോഷത്തോടെ ആസിഫ് ഒരുമ്മ നൽകി.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. സിനിമയുടെ വിജയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയിരുന്നു. നിർമാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി, ആസിഫ് അലി, അനശ്വര രാജൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
ഭയങ്കര ഫോര്‍മലായിട്ടുള്ള പരിപാടിയൊന്നുമല്ല. കാഷ്വലായിട്ടുള്ള ഒരു ഇവന്റ്. ഈ സന്തോഷം എല്ലാവരുമായി പങ്കിടണമെന്നുണ്ടായിരുന്നു. പ്രത്യേകിച്ച് മമ്മൂക്കയ്ക്കൊപ്പം. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണ്. സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. ഓരോ പ്രാവശ്യം കാണുമ്പോഴും ആദ്യമായിട്ട് കാണുന്ന ബഹുമാനത്തോടെയും, ഭയത്തോടെയും മാറി നിന്നിട്ടുള്ള ഞങ്ങളെ എല്ലാവരെയും ചേര്‍ത്തുപിടിക്കാറുണ്ട് അദ്ദേഹം. സിനിമയുടെ എല്ലാ മേഖലകളിലും, എല്ലാ രീതിയിലുള്ള സപ്പോര്‍ട്ടും തന്നിട്ടുണ്ട്. മാതൃകയായിട്ട് ഞങ്ങളുടെ മുന്നില്‍ നിന്നിട്ടുള്ള ആളാണ്.
ഇത്രയും നാള് മമ്മൂക്ക എന്ന് വിളിച്ചത് മമ്മൂട്ടി ചേട്ടനായി മാറിയത് ഈ സിനിമയുടെയൊരു മാജിക്കായി ഞാന്‍ കാണുന്നു. ഒരു വാക്ക് സംസാരിക്കാനായി ഞാന്‍ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് ആസിഫായിരുന്നു മമ്മൂട്ടിക്ക് മൈക്ക് കൈമാറിയത്. ഈ സിനിമയില്‍ ഞാന്‍ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ. സിനിമയ്ക്ക് കഥയുടെ കഥയുടെ കഥയുണ്ടെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ഈ സിനിമയുമായി സഹകരിക്കാന്‍ കാരണം ഇതിന്റെ കഥാതന്തു തന്നെയാണ്. ഇതൊരു വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് എന്റെ ഭാഗത്ത് നിന്നും നന്ദി പറയുന്നു. സിനിമ വിജയത്തിലേക്ക് കുതിക്കട്ടെ എന്ന് ഒരിക്കല്‍ കൂടി ആശംസിക്കുന്നു എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി സംസാരം അവസാനിപ്പിച്ചത്.