വല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്ന വിയോഗം: ജി. വേണുഗോപാൽ
Friday, January 10, 2025 12:58 PM IST
ഗായകന് പി. ജയചന്ദ്രന്റെ വിയോഗം വല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
""തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം "റഫി സാബ് " ആയിരുന്നു സംസാരത്തിൽ. മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു. മുഴുവൻ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും. പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു.
ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!. നിത്യ ശ്രുതിലയവും ഗന്ധർവനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രം!- ജി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.