വനിതകൾക്കായി ഫെഫ്ക നടത്തുന്ന സൗജന്യ എഡിറ്റിംഗ് വർക്ക് ഷോപ്പ്
Thursday, January 9, 2025 3:27 PM IST
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, തേവര എസ്. എച്ച്. കോളജിന്റെ സഹകരണത്തോടെ മലയാള സിനിമാ മേഖലയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കായി നടത്തുന്ന ത്രിദിന എഡിററിംഗ് വർക്ക്ഷോപ്പ് സംയോജിതയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ഫിലിം എഡിറ്റർ മാളവിക വി.എൻ, ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് സിബി മലയിലിനു പോസ്റ്റർ കൈമാറിക്കൊണ്ട് നിർവഹിച്ചു.
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ അംഗങ്ങളായ പ്രവീൺ പ്രഭാകർ, പ്രസീദ് നാരായണൻ, നിഖിൽ വേണു, എസ്. എച്ച് കോളേജ് കമ്മ്യുണിക്കേഷൻ വിഭാഗം ഡീൻ ആഷാ ജോസഫ്, അമ്പു എസ്. എന്നിവർ പങ്കെടുത്തു.
2025 ജനുവരി 23, 24, 25 തീയതികളിലായി തേവര കോളേജിൽ വച്ചാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന 30 പേർക്കാണ് പങ്കെടുക്കാനാവാവുക. തികച്ചും സൗജന്യമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിനോദ് സുകുമാരൻ (ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത്) മഹേഷ് നാരായണൻ (ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത്), ബീനാ പോൾ (ഫിലിം എഡിറ്റർ), മനോജ് കണ്ണോത്ത് (ഫിലിം എഡിറ്റർ), ബി. അജിത്ത്കുമാർ (ഫിലിം എഡിറ്റർ, സംവിധായകൻ), അപ്പു ഭട്ടതിരി (ഫിലിം എഡിറ്റർ, സംവിധായകൻ), വിജയ് ശങ്കർ (ഫിലിം എഡിറ്റർ) മാളവിക വി. എൻ. (ഫിലിം എഡിറ്റർ) തുടങ്ങിയ പ്രഗത്ഭരായവരുടെ മേൽനോട്ടത്തിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്.
ഫിലിം എഡിറ്റർമാരായ മനോജ് സി.എസ്., സൂരജ് ഇ. എസ്, സൈജു ശ്രീധരൻ, കിരൺ ദാസ്, എസ്. എച്ച് കോളേജ് കമ്മ്യുണിക്കേഷൻ വിഭാഗം ഡീൻ ആഷാ ജോസഫ്, കമ്മ്യുണിക്കേഷൻ വിഭാഗം തലവൻ ജീവ കെ. ജെ. എന്നിവർ ഇന്റാറാക്ടീവ് സെക്ഷൻ കൈകാര്യം ചെയ്യും.
രജിസ്റ്റർ ചെയ്യുന്നതിനായി +91 82810 09020 എന്ന നമ്പറിലോ samyojitha.eu@gmail.com എന്ന ഇമെയിൽ മുഖേനയോ ബന്ധപ്പെടുക.