20 മിനിറ്റുള്ള രംഗങ്ങൾ കൂടി ചേർക്കും; പുഷ്പ 2 പുതിയ പതിപ്പ് ജനുവരി 11ന് റിലീസ്
Wednesday, January 8, 2025 3:10 PM IST
ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുമ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയുമായി പുഷ്പ 2 ടീം. ജനുവരി 11 മുതൽ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിറ്റ് ആയി ഉയരും.
സിനിമയിൽ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങൾ പുതിയ പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്ന് മണിക്കൂർ 20 മിനിറ്റായിരുന്നു ആദ്യം പുറത്തിറങ്ങിയ പതിപ്പിന്റെ ദൈർഘ്യം.
അതിവേഗം 1000 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയ പുഷ്പ 2: ദ റൂൾ 32 ദിവസം കൊണ്ട് 1831 കോടി ആഗോള കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ ബാഹുബലി 2ന്റെ കളക്ഷനെയും ചിത്രം മറികടന്നു.
നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 2000 കോടി കളക്ഷൻ നേടിയ ആമിർ ഖാൻ ചിത്രം ദംഗൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിയ ചിത്രം.