ഇന്ദിര ഗാന്ധിയായി കങ്കണ; എമർജൻസി ട്രെയിലർ
Wednesday, January 8, 2025 11:47 AM IST
ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണൗട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് എമർജൻസി. സെന്‍സര്‍ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കാൻ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കങ്കണ റണൗട്ട് ഇന്ദിര ഗാന്ധിയായി എത്തുന്ന ചിത്രം ജനുവരി 17ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്.
കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം നിർമിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപം ഖേറാണ് ചിത്രത്തിൽ ജയപ്രകാശ് നാരായണായി എത്തുന്നത്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെൻസർ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു.
സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം. സിനിമയുടെ ഉള്ളടക്കം ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നേരത്തെ മുന്നോട്ട് വന്നിരുന്നു.