കാർ റേസിംഗിനിടെ അപകടം; അദ്ഭുതകരമായി രക്ഷപ്പെട്ട് അജിത്: വീഡിയോ
Wednesday, January 8, 2025 9:14 AM IST
കാർ റേസിംഗ് പരിശീലനത്തിനിടെ തമിഴ് ചലച്ചിത്രതാരം അജിത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ദുബായിൽ വച്ചായിരുന്നു അപകടം. വരാനിരിക്കുന്ന കാർ റേസിംഗ് ചാംപ്യൻഷിപ്പിനൊരുക്കമായുള്ള പരിശീലനത്തിനിടെ ആയിരുന്നു അപകടം. യാതൊര പരിക്കുകളും ഇല്ലാതെ അദ്ഭുതകരമായി താരം രക്ഷപ്പെട്ടു.
അജിത് ഓടിച്ചിരുന്ന റേസിംഗ് കാർ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പല തവണ കാർ കറങ്ങി. അതിനുശേഷമാണ് വാഹനം നിന്നത്. ഉടനെ തന്നെ ചുറ്റുമുള്ളവർ ഓടിയെത്തി. കാറപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജനുവരി രണ്ടാം വാരം ദുബായിൽ നടക്കുന്ന റേസിംഗ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലായിരുന്നു താരം. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു ചാംപ്യൻഷിപ്പിൽ അജിത് പങ്കെടുക്കുന്നത്.
അഭിനയത്തിനൊപ്പം കാർ റേസിംഗിലും കമ്പമുള്ള വ്യക്തിയാണ് അജിത്. അഭിനയം പോലെ ഗൗരവത്തോടെയാണ് റേസിംഗിനെയും കാണുന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.