താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ നിയമവ്യവസ്ഥയിലും; ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ്
Wednesday, January 8, 2025 9:05 AM IST
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബിസിനസുകാരനും ഇൻഫ്ലുവൻസറുമായ ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ്. താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നുമാണ് ഹണി പറഞ്ഞിരിക്കുന്നത്.
ബോബി ചെമ്മണ്ണൂർ... താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു,’ ഹണി റോസ് പറഞ്ഞു.
സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഹണി റോസ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വേദിയിൽ എത്താറില്ലെന്നും ഓരോരുത്തരും അവരവരുടെ നിലവാരമനുസരിച്ച് പ്രതികരണം രേഖപ്പെടുത്തുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും ഹണി വ്യക്തമാക്കി.