ഒരു വിവാഹം കഴിച്ചു, ഡിവോഴ്സുമായി, പിന്നാലെ ഡിപ്രഷനുമെത്തി; അർച്ചന കവി
Friday, January 3, 2025 9:35 AM IST
പത്തുവർഷത്തിനിടയിൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അർച്ചന കവി. ഇടവേളയെടുത്തതല്ലെന്നും തന്നെ ആരും സിനിമയിലേയ്ക്ക് വിളിക്കാത്തതായിരുന്നുവെന്നും നടി പറയുന്നു.
അതിനിടയിൽ വിവാഹവും ഡിവോഴ്സുമെല്ലാം നടന്നെന്നും ഡിപ്രഷനിലേയ്ക്ക് പോയെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ ഐഡിന്റിറ്റിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പത്ത് വർഷത്തിന് ശേഷം ഞാൻ ചെയ്യുന്നൊരു സിനിമയാണിത്. എന്റെ തിരിച്ചുവരവ് സിനിമ ഐഡന്റിറ്റിയാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. അനസ് ഖാനേയും അഖില്‍ പോളിനേയും അറിയുന്നവര്‍ക്ക് അവര്‍ എത്രമാത്രം നേർഡ്സ് ആണെന്ന് അറിയാം. അവര്‍ നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കാണ്. അവരുടെ കഠിനാധ്വാനവും ഞാൻ കണ്ടിട്ടുള്ളതാണ്. ഐഡന്റിറ്റി സിനിമയുടെ ഭാഗമായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഐഡന്റിറ്റി സിനിമയുടെ മറ്റൊരു പ്രത്യേകത ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത സിനിമ എന്നതാണ്. ഇത്രയും വര്‍ഷം ആയിട്ടും ഞാന്‍ എന്റെ ശബ്ദം കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്നില്ല. ആദ്യമായി ദേവികയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. അതും ഈ രണ്ട് സംവിധായകരും പറഞ്ഞതിനാലാണ് ഡബ്ബ് ചെയ്തത്.
പത്ത് വർഷം സിനിമയിലേക്ക് എന്നെ ആരും വിളിച്ചില്ല. ഇടവേള എടുത്തത് എന്തിനാണെന്ന ചോദ്യം ഒരു ആർട്ടിസ്റ്റിനോടും ചോദിക്കരുത്. ഈ ചോദ്യം ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. പിന്നെ ഞാൻ വിവാഹം കഴിച്ചു. ഒരു ഡിവോഴ്സ് നടന്നു. പിന്നെ ഡിപ്രഷനായി. അതിൽ നിന്നൊക്കെ റിക്കവറായി. ഇപ്പോള്‍ ഈ സിനിമയും ചെയ്തു. ഇതിനൊക്കെ 10 വർഷം വേണ്ടി വരില്ലേ?. അർച്ചന പറഞ്ഞു.