ഏഷണിക്കാരിയായ അയൽക്കാരി, അമ്മായിയമ്മ; മലയാളസിനിമയുടെ മീന ഗണേഷ്
Thursday, December 19, 2024 10:13 AM IST
നാടകങ്ങളിൽ തുടങ്ങിയ യാത്രയായിരുന്നു മീന ഗണേഷിന്റേത്. ആ യാത്രകൾ വെറും തൊഴിൽ മാത്രമായിരുന്നില്ല, മറിച്ച് ഏറ്റവും ഇഷ്ടത്തോടെ ആഗ്രഹത്തോടെ ചെയ്തിരുന്നത് കൂടിയായിരുന്നു. അച്ഛന്റെ അഭിനയഭ്രാന്ത് തന്നേയും പിടികൂടുകയായിരുന്നുവെന്ന് അവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അച്ഛന് കെ.പി. കേശവന്നായര് എം. ജി.ആര് ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകക്കാരുമായും നല്ല ബന്ധം. ആ ബന്ധമാണ് മീനയെ നാടകക്കളരിയിലെത്തിച്ചത്.
കൊപ്പം ബ്രദേഴ്സ് ആര്‍ട്സ് ക്ലബിലൂടെയാണ് മീന നാടകത്തിലെത്തിയത്. 1965-ല്‍ എ.എന്‍ ഗണേഷിന്റെ 'പ്രളയം' എന്ന നാടകത്തില്‍ അഭിനയിച്ചു. ആ പരിചയം പിന്നീട് പ്രണയമായി വിവാഹത്തിലെത്തി. വിവാഹ ശേഷം ഷൊര്‍ണൂരില്‍ പൗര്‍ണമി കലാമന്ദിര്‍ എന്ന പേരില്‍ നാടകസമിതി ആരംഭിച്ചു.
എ.എന്‍ ഗണേഷ് നാടകമെഴുതും സംവിധാനം ചെയ്യും. മീന അഭിനയിക്കും. ഭക്ഷണം വയ്ക്കക്കലും അഭിനയിക്കലുമെല്ലാമായി കലാസമിതി തന്നെ കുടുംബം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സമിതി പിരിച്ചുവിട്ടു. പിന്നീട് മറ്റു സമിതികള്‍ക്കുവേണ്ടി ഗണേഷ് നാടകം എഴുതി. മീന അഭിനയിച്ചു. മുസ്ലീം കഥാപാത്രങ്ങള്‍ മീനയെ എന്നും സ്റ്റേജില്‍ ഉറപ്പിച്ച് നര്ത്തുന്നതായിരുന്നു.
സിനിമയിലും തന്റേതായ ഇടം നേടാൻ മീനയ്ക്കായിരുന്നു. പാവപ്പെട്ട അമ്മയായും ഏഷണിക്കാരിയായ അയല്‍വാസിയായും മരുമകളെ ഉപദ്രവിക്കുന്ന അമ്മായിയമ്മയായും സ്ക്രീനില്‍ നിറഞ്ഞാടിയ മീനയുടെ വാര്‍ധക്യകാല ജീവിതം അത്ര നിറമുള്ളതായിരുന്നില്ല.
കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ വീട്ടിലെ പ്രതിനിധിയായി വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ച നടി യഥാര്‍ഥ ജീവിതത്തിലും അങ്ങനെയായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. 2009 ഒക്ടോബര്‍ 13-ന് ഭർത്താവ് എ.എന്‍ ഗണേഷ് മരിച്ചു. പിന്നീട് മകനൊപ്പമായിരുന്നു കഴിഞ്ഞത്. മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.