പുഷ്പ 2 അപകടം; മരിച്ച യുവതിയുടെ മകന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു
Wednesday, December 18, 2024 9:43 AM IST
അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ ഒന്‍പത് വയസുകാരൻ ശ്രീതേജിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി കഴിയുന്നത്.
കഴിഞ്ഞ ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. ഇവിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന്റെ അമ്മ രേവതി(35) മരിച്ചിരുന്നു.
പ്രീമിയർ ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ അല്ലു അർജുനും നടന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെന്റിനുമെതിരേ പോലീസ് കേസെടുത്തിരുന്നു.