ഉസ്താദിന്റെ ഓർമയിൽ പെരുവനം കലാഗ്രാമം
Tuesday, December 17, 2024 2:54 PM IST
തബലയിൽ ലോകംകണ്ട ഇതിഹാസമായ ഉസ്താദ് സാക്കിർ ഹുസൈന്റെ ഓർമയിലാണ് മേളകലയുടെ പെരുവനം കലാഗ്രാമം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സംഘടനയുടെ 25-ാം വാർഷികാഘോഷച്ചടങ്ങിനാണ് 2017ൽ ഉസ്താദ് സാക്കിർ ഹുസൈൻ ചേർപ്പ് സിഎൻഎൻ സ്കൂളിലെ വേദിയിലെത്തിയത്.
മേളപ്രമാണിമാരായ പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർക്കൊപ്പംചേർന്ന് അദ്ദേഹം ഒരുക്കിയ ജുഗൽബന്ദി ഇന്നും ആസ്വാദകർ ഓർക്കുന്നു. പെരുവനം ഗ്രാമചരിത്രം കലയിലൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം അന്നു നിർവഹിച്ചു. വാദ്യകലയിലെ ആചാര്യന്മാർ ചേർന്ന് സാക്കിർ ഹുസൈനു വീരശൃംഖല സമർപ്പിക്കുകയും ചെയ്തു.
പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് ഉസ്താദിനെ വരവേറ്റത്. മേളത്തിലും മറ്റു കലകളിലുമുള്ള പെരുവനം ഗ്രാമത്തിന്റെ പെരുമകൾ മാനിച്ചാണ് സാക്കിർ ഹുസൈൻ വീരശൃംഖല ഏറ്റുവാങ്ങാൻ ചേർപ്പിലെത്തിയതെന്ന് കുട്ടൻമാരാർ പറഞ്ഞു.
മഹാനായ കലാകാരന് ആദരം നൽകാൻ സാധിച്ചതു പെരുവനം ഗ്രാമത്തിന്റെ പുണ്യമാണ്. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിനു നികത്താനാകാത്ത വിടവാണെന്ന് കുട്ടൻ മാരാർ പറഞ്ഞു.