അവധിക്കാല യാത്ര മണാലിയിലേയ്ക്കാണോ? ഒന്നു സൂക്ഷിച്ചേക്കണേ !
Saturday, December 14, 2024 12:40 PM IST
മഞ്ഞിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന മണാലി സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീരിലും മഞ്ഞുവീഴ്ച ശക്തമാണ്. എന്നാൽ മണാലി ആസ്വാദിക്കാൻ പോകുന്നതിന് മുൻപ് അവിടുത്തെ കുറച്ച് സ്ഥിതിഗതികളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വീഡിയോകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമായും വാഹനം ഓടിക്കുമ്പോള്‍ തന്നെ റോഡ് മൂടിക്കിടക്കുന്ന മഞ്ഞിലൂടെയുള്ള വാഹന യാത്ര ഏറെ അപകടം നിറഞ്ഞതാണ്. മഞ്ഞില്‍ ടയറുകള്‍ തെന്നിപ്പോകാമെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം മണാലിയിലെ ഒരു വാഹന യാത്ര പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട്, മൂന്ന് കോടിയോളം പേരാണ് സോലാംഗ് വാലിയില്‍ നിന്നുള്ള ആ വാഹന യാത്രയുടെ വീഡിയോ കണ്ടത്.
സാഹചര്യങ്ങൾ ഏറെ കഠിനവും അനിയന്ത്രിതവുമാണ് എന്ന കുറിപ്പോടെ ഹംസ മുർതാസ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഡിസംബർ ഒൻപതാം തിയതിയിലെ വീഡിയോയാണിത്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു വളവും ഇറക്കവുമുള്ള ഒരു സ്ഥലത്ത് റോഡ് അടക്കം മഞ്ഞില്‍ മൂടിയിരിക്കുന്നത് കാണാം. റോഡില്‍ കുറച്ചേറെ പേര് നില്ക്കുമ്പോള് ഒരു എസ്യുവി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നു. എന്നാൽ, ഡ്രൈവര്‍ ബ്രേക്കില്‍ കാല് അമർത്തിയതിനാല്‍ വണ്ടി മഞ്ഞിലൂടെ തെന്നി നീങ്ങുകയാണ്. ആളുകള്‍ ബ്രേക്കില്‍ നിന്നും കാലെടുക്കാന്‍ വിളിച്ച് പറയുന്നുണ്ടെങ്കിലും ഡ്രൈവര്‍ അത് ശ്രദ്ധിക്കുന്നില്ല.
ഇതിനിടെ ഒരാള്‍ വാഹനത്തിന് പുറകെ ഓടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ തെന്നി വീഴുന്നതും കാണാം. തെന്നി നീങ്ങുന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് തന്നെ തിരിയുന്നു. തൊട്ടടുത്ത ദൃശ്യങ്ങളില്‍ ഒരു വാഹനം മലമുകളിലെ റോഡില്‍ നിന്നും അപകടകരമായ തരത്തില്‍ കൊക്കയ്ക്ക് അഭിമുഖമായി തെന്നി നില്ക്കുന്നതും കാണാം.
മഞ്ഞ് വീഴ്ചയുള്ള റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്കുന്നു. ആരാണ് സ്നോ ടയറുകളും ചെയ്ന്‍ പിടിപ്പിക്കാത്ത ടയറുകളുമുള്ള വാഹനങ്ങളെ ഇവിടെ അനുവദിച്ചത്?
പോലീസിന് പോലും ഇതില്‍ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് അറിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ഒരു കാഴ്ചക്കാരന് എഴുതി. എല്ലാ ഡ്രൈവര്‍മാരും എന്തു കൊണ്ടാണ് സയന്‍സ് ക്ലാസുകള്‍ ഒഴിവാക്കുന്നത് എന്നതായിരുന്നു മറ്റൊരാളുടെ സംശയം. ഓട്ടോമാറ്റിക്ക് കാറുകള്‍ എങ്ങനെയാണ് മഞ്ഞിലൂടെ ഓടിക്കുന്നത് എന്ന് ചോദിച്ചവരുമുണ്ടായിരുന്നു കൂട്ടത്തിൽ.