ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം ഇതാണ്! കൗതുകം നിറഞ്ഞ കണ്ടെത്തൽ
Saturday, December 7, 2024 1:14 PM IST
വടക്കേ അമേരിക്കയിലുടനീളം വ്യാപിച്ചിരുന്ന ഹിമയുഗത്തിൽ ആദിമ മനുഷ്യരുടെ ഇഷ്ട വിഭവമായിരുന്നു മാമോത്തുകളുടെ മാംസമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പുരാതന മനുഷ്യരുടെ ഭക്ഷണത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തൽ.
ഏകദേശം 12,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുയുടെ ഭക്ഷണക്രമത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇക്കാര്യം പങ്കുവെച്ചത്. ക്ലോവിസ് ജനത എന്നാണ് ഇക്കാലത്തെ മനുഷ്യരുടെ പൂര്‍വ്വീകരെ വിശേഷിപ്പിക്കുന്നത്.
12,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു കുഞ്ഞിന്റെ അസ്ഥികളിൽ നടത്തിയ രാസപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ മൊണ്ടാനയിൽ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. മരണ സമയത്ത് 18 മാസം മാത്രം പ്രായമുള്ള മുല കുടിക്കുന്ന ഒരു കുട്ടിയായിരുന്നു ഇതെന്നാണ് ഗവേഷകർ അവകാശപ്പെട്ടത്.
കുട്ടിയുടെ അസ്ഥികളിൽ നിന്നാണ് അമ്മയുടെ ഭക്ഷണക്രമത്തിന്റെ സൂചനകൾ ലഭിച്ചത്. മുലപ്പാലിലൂടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് അമ്മയുടെ ഭക്ഷണക്രമത്തിന്റെ തെളിവുകള്‍ എത്തിയതെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 'ആൻസിക്ക് ബോയ്' (Anzick Boy) എന്ന് വിളിക്കപ്പെടുന്ന പഠനത്തിന് വിധേയമാക്കിയ കുട്ടിയുടെ തലയോട്ടിയുടെയും മറ്റ് എല്ലുകളുടെയും കഷണങ്ങൾ 1968 -ൽ മൊണ്ടാനയിലെ വിൽസാലിനടുത്തുള്ള ഒരു തകർന്ന പാറക്കൂട്ടത്തിൽ നിന്നാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.
ഒരു ആവാസവ്യവസ്ഥയിലെ ഏറ്റവും വലിയ മൃഗമായ 'മെഗാഫൗണ'യിൽ (Megafauna) നിന്നുള്ള മാംസമായിരുന്നു കുഞ്ഞിന്റെ അമ്മയുടെ ഭക്ഷണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത് മാമോത്തുകൾ തന്നെയാകാമെന്നും ഗവേഷകർ പറയുന്നു.
മാമോത്തുകളെ കൂടാതെ അക്കാലത്തുണ്ടായിരുന്ന എൽക്ക്, കാട്ടുപോത്ത്, ഒട്ടകങ്ങൾ, കുതിരകൾ എന്നിവയുടെ പൂർവ്വീകരെന്ന് കരുതപ്പെടുന്ന മൃഗങ്ങളുടെ മാംസവും ചെറിയ സസ്തനികളിൽ നിന്നുമുള്ള മാംസവും ഇവര്‍ ഭക്ഷിച്ചിരുന്നു.