ഫോട്ടോയില്‍ കണ്ട പെണ്ണ് ഇതല്ല..! വിവാഹനിശ്ചയ ദിവസം വരൻ പിൻമാറി; പെൺവീട്ടുകാർ വരന്റെ സഹോദരന്റെ മീശ വടിച്ചു
Wednesday, January 22, 2025 12:16 PM IST
ഫോട്ടോയിൽ കണ്ട പെണ്ണല്ല വിവാഹനിശ്ചയത്തിന് എത്തിയതെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിൻമാറി. പ്രകോപിതരായ പെൺവീട്ടുകാർ വരന്റെ സഹോദരനെ പിടികൂടി ബലമായി മീശ വടിച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വലിയ ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു പെൺവീട്ടുകാരുടെ പ്രതികാരം.
രാജസ്ഥാനിലെ കരൗലി ജില്ലയിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വരൻ വിശദീകരണവുമായി മറ്റൊരു വീഡിയോ പങ്കുവച്ചു. വിവാഹം തീരുമാനിക്കുന്നതിനു മുൻപ് കാണിച്ച ഫോട്ടോയിൽ കണ്ട പെണ്ണും വിവാഹനിശ്ചയത്തിനെത്തിയ പെണ്ണും തമ്മിൽ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്നു വീഡിയോയിൽ വരൻ പറയുന്നു.
ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ വിവാഹനിശ്ചയം ഇപ്പോൾ നടത്താനാവില്ലെന്നും കുറച്ചുസമയം വേണമെന്നും തന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. അതോടെ വധുവിന്റെ വീട്ടുകാർ ബഹളമുണ്ടാക്കുകയും തന്റെ സഹോദരന്റെ മീശ ബലമായി വടിക്കുകയുമായിരുന്നു.
സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാർ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവും യുവാവ് ഉയർത്തി. എന്തായാലും വിവാഹം വേണ്ടെന്നു വച്ചു. സംഭവത്തിൽ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നു സ്ഥലത്തെ പോലീസ് അധികൃതർ അറിയിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു