പലതരം കൃഷികൾ കേട്ടിട്ടുണ്ട് തലയിലെ കൃഷി ഇതാദ്യം; തലയിൽ "കൃഷി' ഇറക്കി അനജ് വാലെ ബാബ
Thursday, January 9, 2025 10:31 AM IST
പലതരത്തിൽ കൃഷി ഇറക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ തലയിൽ കൃഷി ഇറക്കിയത് നിങ്ങൾ കണ്ടിട്ടുണ്ടോ. എങ്കിൽ ഉത്തർപ്രദേശിലെ സോന്‍ഭദ്ര ജില്ലയിൽ നിന്നുള്ള ഒരാൾ തന്റെ തലമുടിക്ക് ഇടയില്‍ പ്രത്യേകം സജ്ജീകരിച്ച് നെല്ല് വളർത്തിയിരിക്കുന്നതാണ് ഇപ്പോൾ വൈറൽ. ജനുവരി 13 മുതൽ 26വരെ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്.
അമർജീത് എന്നാണ് അനജ് വാലെ ബാബയുടെ യഥാർത്ഥ പേര്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വിളകളാണ് ബാബ തന്റെ തലയില്‍ കൃഷി ചെയ്തിട്ടുള്ളത്. ഗോതമ്പ്, ചെറുധാന്യങ്ങൾ, കടല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കാർഷിക വിളകൾ.
നെറ്റിയോടൊപ്പം ചേര്‍ന്ന് കാവിത്തുണി കെട്ടി അതിനുള്ളിലാണ് അദ്ദേഹത്തിന്റെ കൃഷി. തലയില്‍ ഒരു പാടം കൊണ്ട് നടക്കുന്നത് പോലെ. അനജ് വാലെ ബാബയുടെ രൂപം മേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രശസ്തമായി.
പരിസ്ഥിതിയുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു. വനനശീകരണം വർദ്ധിച്ചുവരുന്ന പ്രശ്നമാണ്, കൂടുതൽ പച്ചപ്പ് നടാൻ ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വെറുതെ കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള കൃഷിയല്ല ബാബയുടേത്. മറിച്ച് എല്ലാ ദിവസവും അദ്ദേഹം വിളകൾക്ക് കൃത്യമായ വെള്ളവും വളവും നല്കുന്നു. അവയ്ക്ക് എന്തെങ്കിലും കീടബാധയുണ്ടെയെന്ന് പരിശോധിക്കുന്നു.
കൽപവാസ സമയത്ത് കില ഘട്ടിനടുത്താണ് ബാബ, തന്നെ കാണാനെത്തുന്നവരെ സ്വീകരിക്കുന്നത്. അദ്ദേഹത്തെ ഒന്ന് കാണാനായി പോലും ഭക്തർ പ്രദേശത്ത് തിരക്ക് കൂട്ടുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മഹാ കുംഭമേള അവസാനിച്ചാൽ ബാബ സോൻഭദ്രയിലേക്ക് മടങ്ങിപ്പോകും. അവിടെ തന്റെ പാരിസ്ഥിതിക അറിവുകൾ ജനങ്ങളുമായി പങ്കുവയ്ക്കും. കൃഷിയുടെയും പ്രകൃതിയുടെയും പ്രധാന്യത്തെ കുറിച്ച് സാധാരണക്കാരോട് സംസാരിക്കും.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളില് 45 കോടി ഭക്തരെത്തുമെന്ന് കണക്കാക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമമാണ് കുംഭമേള നടക്കുന്നത്.