2024ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതാണെന്ന് അറിയേണ്ട? ഇതാ ഇതൊക്കെയാണ് ആ വാക്കുകൾ
Thursday, December 12, 2024 11:24 AM IST
ഒരു വർഷം എത്ര വേഗമാണ് ഓടി മറയുന്നതെന്ന് ഇത് വായിക്കുന്നവരിൽ കുറച്ചുപേർക്കെങ്കിലും തോന്നിയോ. 2024 തീരാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. എത്ര വേഗമാണ് സമയവും കാലവുമെല്ലാം കടന്നുപോകുന്നത്. പലർക്കും 2024 സമ്മാനിച്ചത് പലതരത്തിലുള്ള കാര്യങ്ങളാകാം. എല്ലാത്തിനെയും ഉൾക്കൊണ്ട് കൂടുതൽ പ്രതീക്ഷകളോടെ 2025ലേയ്ക്ക് ഉറ്റുനോക്കാം.
ഇതിനൊപ്പം ഗൂഗിളിൽ ഈ ഒരു വർഷക്കാലം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയേണ്ടേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ക്രിക്കറ്റും രാഷ്ട്രീയവും രത്തൻ ടാറ്റയുമാണെന്നാണ് ട്രെൻഡുകൾ വെളിപ്പെടുത്തുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ടി20 ലോകകപ്പ്, ബിജെപി എന്നിവയാണ് 2024 -ൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ കീവേഡുകളിൽ ഉൾപ്പെടുന്നത്. ഇത് ക്രിക്കറ്റിലും രാഷ്ട്രീയത്തിലുമുള്ള രാജ്യത്തെ ജനങ്ങളുടെ തീവ്രമായ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.
ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് അതായത് മെയ് 12 മുതൽ 18 വരെയുള്ള തീയതികളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ കീവേഡ് ഇന്ത്യൻ പ്രീമിയർ ലീഗ്' ആയിരുന്നു. കൂടാതെ ടി 20 ലോകകപ്പ് എന്നതും ഗൂഗിൾ ചെയ്തിട്ടുണ്ട്. 2024 -ലെ ഇന്ത്യയിലെ ഡാറ്റയിലെ മൊത്തത്തിലുള്ള ഗൂഗിൾ സെർച്ചിൽ രണ്ടാം സ്ഥാനത്താണ് ടി 20 ലോകകപ്പ്.
രാഷ്ട്രീയ സംബന്ധമായ വിഷയങ്ങളിൽ, ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡ് ഭാരതീയ ജനതാ പാർട്ടി ആയിരുന്നു. ജൂൺ രണ്ടിനും എട്ടിനുമിടയിൽ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്ത്യയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2024 -ൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിച്ച തീയതിയോട് അടുത്ത് (ജൂൺ നാല്) ഗൂഗിളിൽ ഈ തിരയലുകൾക്ക് വലിയ തോതിലുള്ള വർധനവാണ് ലഭിച്ചതെന്നും ഡേറ്റ കണക്കുകള്‍ പറയുന്നു.
ഗൂഗിൾ സെർച്ച് നാലാം സ്ഥാനത്തെത്തിയ മറ്റൊരു കീവേഡാണ് ഇലക്ഷൻ റിസൾട്ട് 2024. പാരീസ് ഒളിമ്പിക്സ് 2024, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയ്ക്കും ഈ വർഷം കാര്യമായ തിരയലുകള്‍ ഉണ്ടായിരുന്നു. ഇത് ക്രിക്കറ്റിനപ്പുറം സ്പോർട്സിനോട് ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന താൽപ്പര്യത്തെ എടുത്ത് കാണിക്കുന്നു.
പാരിസ്ഥിതികവും കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകളും ഗൂഗിൾ സെർച്ചിൽ ഉണ്ടായിരുന്നു. 'അമിതമായ ചൂട്' ( excessive heat) എന്ന കീവേഡും ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞതിൽ ഒന്നാണ്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിയാകട്ടെ രത്തൻ ടാറ്റയും. ആനന്ദ് അംബാനിയെ വിവാഹം കഴിച്ച രാധിക മർച്ചന്റ് ആരാണെന്നും ഇന്ത്യക്കാര്‍ കാര്യമായ അന്വേഷണം നടത്തിയെന്നും ഗൂഗിള്‍ ഡാറ്റ വ്യക്തമാക്കുന്നു.