65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത്തോടെ കുതിക്കുന്ന ഈശ്വർ മാൽപെ എന്ന സാഹസിക രക്ഷാപ്രവർത്തകനെ എല്ലാവരും ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ യഥാർഥ ജീവിതം എന്താണ്. മകൾ ബ്രാഹ്മിക്കു വേണ്ടി ആഴങ്ങളിലേക്കു താഴുന്ന ഈശ്വർ മാൽപെ സൺഡേ ദീപികയോട്...
കുലംകുത്തി കലങ്ങിച്ചുവന്നൊഴുകുന്ന ഗംഗാവലിപ്പുഴയുടെ ആഴച്ചുഴികളിലേക്ക് അർജുനെ തെരയാൻ ഓരോതവണ മുങ്ങാംകുഴിയിടും മുൻപ് കൊല്ലൂർ മൂകാംബികാദേവിയോടു ഈശ്വർ മാൽപെ കരംകൂപ്പി പ്രാർഥിക്കും. "എന്റെ മകൾ ബ്രാഹ്മിക്കു പരസഹായമില്ലാതെ നടക്കാനും എടുക്കാനും പറ്റണേ. അവൾക്ക് സംസാരശേഷി കിട്ടണമേ. ബുദ്ധിയുടെ കുറവിനു പരിഹാരം തരണേ''.
കോച്ചിവിറയ്ക്കുന്ന നദിയാഴങ്ങളിൽ ജീവൻ പണയപ്പെടുത്തി അതിസാഹസികമായി തപ്പിത്തെരയുന്പോഴും മനസ് മന്ത്രിക്കും. "മൂകാംബികേ, എന്റെ മൂന്നു മക്കളും സങ്കടങ്ങളിലായിപ്പോയല്ലോ. ഏക പ്രതീക്ഷയായ ബ്രാഹ്മിയെയെങ്കിലും കനിവോടെ കാക്കണമേ''''. ജനനം മുതൽ അപസ്മാരവും ബൗദ്ധികവെല്ലുവിളികളും വേട്ടയാടുന്ന മക്കളുടെ സൗഖ്യനിയോഗമാണ് ഈശ്വർ മാൽപെയുടെ രക്ഷാപ്രവർത്തനങ്ങളുടെ ചോതോവികാരം.
കർണാടക ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ ലോകം ആകാംക്ഷയോടെയും അതിശയത്തോടെയും കണ്ടറിയുന്ന നാൽപ്പത്തൊൻപതുകാരൻ. ഈശ്വറിന്റെ രക്ഷാകരങ്ങൾ അറബിക്കടലിന്റെയും നിരവധി പുഴകളുടെയും ആഴക്കയങ്ങളിനിന്ന് 65 പേരെ ഇതോടകം പുനർജൻമമെന്നോണം ജീവിതത്തിലേക്ക് വലിച്ചുകയറ്റി. കടലിലും പുഴയിലും കായലിലും ജീവൻ പൊലിഞ്ഞ ആയിരത്തിലധികം മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു.
അമ്മ ബേബി കർക്കേര മരിച്ച് പന്ത്രണ്ടാം ദിവസമാണ് കർവാർ പോലീസ് മേധാവി അറിയിച്ചതനുസരിച്ച് ഈശ്വർ മാൽപെ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുനെ തെരയാൻ ഗംഗാവലിയിലേക്ക് കുതിച്ചെത്തിയത്.
സങ്കടങ്ങളുടെ വീട്
ഉഡുപ്പി മാൽപെ ബീച്ചിനടുത്താണ് ഈശ്വറിന്റെ വീട്. രണ്ടു സെന്റിൽ രണ്ടു മുറിയുള്ള ചെറിയൊരു വീട്. ’ബാല്യത്തിൽ ഏറെ ദാരിദ്ര്യം അനുഭവിച്ചാണ് ഞാൻ വളർന്നത്. എട്ടാം ക്ലാസ് വരെയേ പഠിക്കാൻ സാധിച്ചിട്ടുള്ളു. മേസ്തിരി തൊഴിലാളിയായിരുന്ന അച്ഛൻ ആനന്ദപുത്രൻ രണ്ടു വർഷം മുൻപാണ് മരിച്ചത്.
കഴിഞ്ഞ മാസം അമ്മയും മരിച്ചു. ഭാര്യ ഗീത. ഞങ്ങളുടെ മൂന്നു മക്കളും ജനിച്ചത് ബൗദ്ധിക ന്യൂനതകളോടെയാണ്. അപസ്മാരം ബാധിച്ചു ബുദ്ധിയും കാഴ്ചയും കേൾവിയും അവർക്ക് ഇല്ലാതായി. മൂത്ത മകൻ നിരഞ്ജൻ ഇരുപത്തിമൂന്നാം വയസിൽ രണ്ടു വർഷം മുൻപ് മരിച്ചു. ഇരുപതു വയസുള്ള മകൻ കാർത്തിക് കിടപ്പിൽതന്നെയാണ്.
മക്കൾക്ക് എല്ലാത്തരത്തിലും ആശ്രയമായി ഞാനും ഭാര്യയും മാത്രമേയുള്ളു. മക്കളെ തനിച്ചാക്കി ഗീതയ്ക്ക് ജോലിക്കു പോകാനാവില്ല. മക്കളെ സ്കൂളിൽ വിടാനോ പഠിപ്പിക്കാനോ സാധിച്ചിട്ടില്ല. മക്കളിൽ അൽപമെങ്കിലും പ്രതീക്ഷയുള്ളത് ഏഴു വയസുകാരി ബ്രാഹ്മിയിലാണ്. അവളെ ചികിത്സിക്കുന്നുണ്ട്, കുറെയൊക്കെ മാറ്റവുമുണ്ട്. എല്ലാ ദൈവങ്ങളെയും വിളിച്ചു ഞങ്ങൾ പ്രാർഥിക്കുകയാണ്.
മാൽപെ സംഘം
അവിശ്വസനീയമാണ് അക്വാമാൻ ഈശ്വർ മാൽപെയുടെ ജീവിതം. "ജീവൻ പണയപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ ഓരോ രക്ഷാപ്രവർത്തനവും. പോലീസും മറ്റും ഫോണിൽ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും. ജീവൻ രക്ഷിക്കുന്നതിനെക്കാൽ വിലപ്പെട്ടതായി വേറൊന്നുമില്ലല്ലോ. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. ഒരാളുടെയും പ്രതിഫലം ആഗ്രഹിക്കുന്നുമില്ല''''.
മാൽപെ സംഘം അയൽവാസികളായ എട്ട് സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്. മാൽപെ ഗ്രാമത്തിലെ ഈശ്വർ, ഷെബീർ, ബുരാൻ, ദീപു, മയേഷ്, ദിലാൽ, രക്ഷിത്, മുഷ്താഖ് എന്നിവർ. ഈശ്വറിനു മൂന്ന് ആംബുലൻസുകളുണ്ട്. ഒരെണ്ണം കർണാടക കോണ്ഗ്രസ് പാർട്ടി വാങ്ങിക്കൊടുത്തത്.
രണ്ടെണ്ണം സ്വന്തം ശ്രമഫലമായി വാങ്ങിയത്. മൂന്നു മക്കളുടെ പേരിലുള്ള ഈ ആംബുലൻസുകളിൽ അപകടത്തിൽപ്പെട്ടവരെയും കിടപ്പുരോഗികളെയും സൗജന്യമായി ആശുപത്രികളിൽ എത്തിക്കുന്നു. ഈശ്വറും ഷെബീറും ബുരാനും മയേഷും ദീപുവുമാണ് ഡ്രൈവർമാർ.
കൂടാതെ മലയാളികളായ അനീഷ്, സ്റ്റെഫിൻ എന്നിവരും ഇവരോടു സഹകരിക്കാറുണ്ട്. മാൽപെയിൽ ബോട്ടിൽ മീൻ പിടിക്കാനെത്തുന്ന വടക്കൻ ജില്ലകളിലെ മലയാളികളുമായുള്ള സൗഹൃദത്തിലാണ് ഈശ്വർ കുറച്ചൊക്കെ മലയാളം പറയാൻ പഠിച്ചത്. മാൽപെയിലെ മത്സ്യത്തൊഴിലാളികൾ കൂടിയാണ് മാൽപെ സംഘം. പ്രളയത്തിലും കടൽക്ഷോഭത്തിലും തെരച്ചിൽ നടത്താൻ പരിചയസന്പന്നർ.
പിടച്ചിൽ തേടി
ഹുങ്കാരം മുഴക്കി പ്രളയം തീരങ്ങളെ വകഞ്ഞൊഴുകുന്പോൾ ഈശ്വർ മാൽപെ പുഴയിലേക്കു ചാടുന്നത് തടിപിടിക്കാനൊന്നുമല്ല, അവസാന ശ്വാസത്തിന്റെ കണിക ശേഷിക്കുന്ന ജീവന്റെ പിടച്ചിൽ തേടിയാണ്. ഫോണ്വിളി എത്തിയാൽ രാവെന്നോ പകലെന്നോ നോക്കാതെ മാൽപെ സംഘം ദുരന്തമുഖത്ത് പാഞ്ഞെത്തും.
ഒറ്റ മുങ്ങലിൽ മൂന്നു മിനിറ്റുവരെ ശ്വസം പിടിച്ച് അടിത്തട്ടിൽ തെരയാനാകും എന്നതാണ് ഈശ്വറിന്റെ സിദ്ധി. ആറു മാസം നന്നായി മഴ ലഭിക്കുന്ന ഉഡുപ്പിയിലെ നദികളിൽ വെള്ളപ്പൊക്കം പതിവാണ്. ഒഴുക്കിൽപ്പെടുകയോ ചാടുകയോ ചെയ്യുന്നവർക്ക് ഇവരുടെ കരങ്ങളാണ് കരുതൽ.
കോവിഡ് ലോക്ക്ഡൗണ് കാലം. കടബാധ്യതയിൽ ഉഡുപ്പി മണിപുര ഉദ്യാവരയിലെ ഹോട്ടൽ ഉടമ കൃഷ്ണ ജീവനൊടുക്കാൻ പുഴയിൽ ചാടി. പുലർച്ചെ മൂന്നോടെയാണ് പോലീസിന്റെ വിളിയെത്തുന്നത്. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ ഈശ്വർ കൂരിരുട്ടിനെ വകവയ്ക്കാതെ പുഴയിലേക്കു ചാടി.
കല്ലിനടിയിൽ മരണാസന്നനായി കുടുങ്ങിക്കിടന്ന കൃഷ്ണയെ കരകയറ്റി. പതിമൂന്നു വർഷം മുൻപ് പത്താം ക്ലാസിൽ തോറ്റതിന് കടലിൽ ചാടിയ പെണ്കുട്ടിയെ സാഹസികമായി ഈശ്വർ രക്ഷപ്പെടുത്തി. വെള്ളം ഉള്ളിൽചെന്നു മരണാസന്നരായവർക്കു പ്രഥമ ശുശ്രൂഷ നൽകാനും മാൽപെ സംഘത്തിനു വൈദഗ്ധ്യമുണ്ട്. ഇത്തരത്തിൽ സാഹസികതയുടെ അനേകം അനുഭവങ്ങളാണ് ഈശ്വർ ഓർമയിൽനിന്ന് ചികഞ്ഞെടുത്തത്.
കരുണയുടെ കരമായി
കൂറ്റൻ തിരയിൽ ഉൾക്കടലിലേക്ക് ഒഴുകിപ്പോയ മത്സ്യബന്ധന വള്ളങ്ങളെയും ബോട്ടുകളെയും നീന്തിയെത്തി നിയന്ത്രിച്ചു കരയിലെത്തിച്ച അനുഭവങ്ങൾ വേറെ. മാൽപെയിൽ മാത്രമല്ല ഗംഗോളി, കർവാർ, തടാധി പ്രദേശങ്ങളിലൊക്കെ ഇവർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
"ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീട്ടിൽ സാന്പത്തിക ക്ലേശം ഏറെയുണ്ടെങ്കിലും പണം എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. സ്നേഹത്തോടെ ചിലരൊക്കെ തരുന്ന ചെറിയ സഹായങ്ങളും ഉപകാരങ്ങളും സ്വീകരിക്കാറുണ്ട്. മനാഫ് ലോറി കണ്ടെത്തി അർജുനെ തെരയാൻ ഗംഗാവലിയിൽ എത്തിയപ്പോഴൊക്കെ ഞങ്ങൾ ആംബുലൻസിലാണ് ഉറങ്ങിയത്. രണ്ടു ദിവസം അവിടെയുള്ള സുഹൃത്തിന്റെ വീട്ടിൽ കിടന്നു. കർവാർ എംഎൽഎ കൃഷ്ണ സതീഷ് സെയിൽ രണ്ടു ദിവസം ലോഡ്ജിൽ മുറിയെടുത്തുതന്നു. ഭക്ഷണം കഴിച്ചത് ഞങ്ങളുടെ ചെലവിലാണ്.
ചിലരൊക്കെ നന്ദിയോടെ തരുന്ന സഹായങ്ങൾ ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനത്തിൽത്തന്നെ ചെലവഴിക്കുന്നു. അർജുൻ അപകടത്തിൽപ്പെട്ട അതേ ദുരന്തത്തിൽ മരിച്ച ചായക്കടക്കാരൻ ലക്ഷ്മണ് നായിക്കിന്റെയും ജഗനാഥിന്റെയും ജഗദീഷിന്റെയും കുടുംബത്തിനു പതിനായിരം രൂപ വീതം ഞങ്ങൾ സഹായം നൽകി. കർവാറിലെ ലോറിയുടമാ സംഘം നൽകിയ പണവും ഇത്തരത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിൽ സഹായമായി നൽകുകയായിരുന്നു.
ദൈവാനുഗ്രഹം ലഭിക്കണമെന്നും മകൾ ബ്രാഹ്മിയെങ്കിലും സംസാരിച്ചുതുടങ്ങണമെന്നും ഞാൻ ആഗ്രഹിക്കുന്നു. വീടുപോറ്റാൻ മുൻപ് മത്സ്യബന്ധനത്തിനു പോകുമായിരുന്നു. മത്സ്യബന്ധന ബോട്ടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് ഇപ്പോഴത്തെ വരുമാനം.''
ചങ്കൂറ്റം കൈമുതൽ
സാധാരണ രക്ഷാപ്രവർത്തകരെ മറികടക്കുന്ന ധീരതയാണ് ഈശ്വർ മാൽപെയുടെ കൈമുതൽ. അർജുനെ തെരയാൻ ഏവരെയും ഞെട്ടിച്ച് ഗംഗാവലിയുടെ ആഴങ്ങളിലേക്ക് ഈളിയിട്ടിറങ്ങി. കല്ലും മണ്ണും കുപ്പിച്ചില്ലും തകരപ്പാട്ടയും നിറഞ്ഞ അടിത്തട്ടിൽ ആ ജീവനായി തെരഞ്ഞു. രണ്ടുതവണ വടംപൊട്ടി ഒഴുക്കിൽപ്പെട്ടു.
എവിടെയാണ് ഈശ്വർ നീന്തൽ പഠിച്ചതെന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ. "മാൽപെ ശ്രീബലരാമ പരമേശ്വര ക്ഷേത്രക്കുളത്തിൽ നന്നേ ചെറിയ പ്രായത്തിൽ നീന്തി. കൂട്ടുകാർക്കൊപ്പം മുങ്ങാംകുഴിയിട്ടു. എത്ര സമയം മുങ്ങിക്കിടക്കാമെന്നു പന്തയം വച്ചു. അങ്ങനെ അന്ന്, രണ്ട്, മൂന്ന് മിനിറ്റുവരെയെത്തി. പിന്നീട് മാൽപെ ബീച്ചിൽ നീന്താൻ തുടങ്ങി.
എത്ര വലിയ തിരയിലും ഉയർന്നു ചാടി കടലാഴങ്ങളിൽ തെരയാൻ പരിശീലനം നേടി. അതല്ലാതെ പ്രഫഷണൽ നീന്തൽ പരിശീലനമൊന്നും നേടിയിട്ടില്ല. രക്ഷാപ്രവർത്തനം ഉൗർജിതമാക്കാൻ അടുത്തയിടെ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയിട്ടുണ്ട്. പുഴയെ കരപോലെ കണ്ടു നീന്തിയും തുഴഞ്ഞും മുങ്ങാംകുഴിയിട്ടും പഠിച്ച ഈശ്വർ ജീവന്റെ പിടപ്പും മിടിപ്പും തേടുന്നത് പണവും പ്രശസ്തിയും മോഹിച്ചല്ല.
അവർ നമ്മളെയും മുക്കും
മരണവെപ്രാളത്തിൽ പിടയുന്നവരെ എങ്ങനെയാണ് പിടിച്ചുകയറ്റുന്നത്?തെന്ന ചോദ്യത്തിനുമുണ്ട് കൃത്യമായ മറുപടി. "വെള്ളം കുടിച്ചു വയർ വീർത്തു ശ്വാസം കിട്ടാതെ മരണത്തിലേക്കു വഴുതി വീഴുന്നവർ കച്ചിത്തുരുന്പു കിട്ടിയാലും കയറിപ്പിടിക്കും.
രക്ഷിക്കാനെത്തുന്നവരെയും വട്ടം പിടിച്ച് താഴ്ത്തും. ഈ സമയത്ത് ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. മരണവെപ്രാളത്തിൽ പിടയുന്നവരെ ഉച്ചിയിലെ തലമുടിയിൽ വലിച്ചു പൊക്കുകയാണ് സുരക്ഷിതം. അതല്ലെങ്കിൽ കാലിലോ വസ്ത്രത്തിലോ പിടിച്ചുപൊക്കും.
നമ്മുടെ കൈയിൽ പിടികൊടുക്കാതെ കൈയകലം ഉറപ്പാക്കി വലിച്ചു കരയിലെത്തിച്ചു വെള്ളം പുറത്തു കളയും, കൃത്രിമശ്വാസം കൊടുക്കും. ചിലരെ പുറത്തെടുക്കുന്പോൾ മരണം സംഭവിച്ചതേ ഉണ്ടാകുകയുള്ളു. ഒരു മിനിറ്റ് മുൻപ് മുങ്ങിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നല്ലോ എന്നു തോന്നാറുണ്ട്.
ആത്മഹത്യ ചെയ്യാനുറച്ച് ചാടിയവരെ തിരികെയെത്തിച്ചാൽ ആശ്വാസവും സമാധാനവും നൽകേണ്ടിവരും. ചിലർ വീണ്ടും ചാടാൻ ശ്രമിക്കും. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചശേഷം ചാടുന്നവരുടെയും വീഴുന്നവരുടെയും എണ്ണം കൂടിവരികയാണ്. ദിവസങ്ങളും മാസങ്ങളും പഴകിയ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും പുറത്തെടുക്കാറുണ്ട്''.
ആഴങ്ങളിൽ കണ്ടത്
അർജുനെയും അയാളുടെ ലോറിയെയും കരകയറ്റാൻ സാധിക്കുമെന്നു വിശ്വസിക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: “ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽ പന്ത്രണ്ട് അടി കനത്തിൽ ചെളി അടിഞ്ഞിട്ടുണ്ട്. അതു നീക്കം ചെയ്യാതെ ലോറി കണ്ടെത്തുക സാധ്യതമല്ല.
അടിത്തട്ടിൽ വലിയ പാറകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. ഇരിന്പു തകിടുകൾ രണ്ടു തവണ ശരീരത്തിൽ തട്ടി. വൈദ്യുതി പോസ്റ്റും കന്പികളും മരങ്ങളുമുണ്ട്. ഇങ്ങനെയെങ്കിലും പ്രതീക്ഷയിലാണ്”. - ലോറിയിലുണ്ടായിരുന്നു എന്നു കരുതുന്ന അർജുനെ കണ്ടെത്താം എന്ന പ്രതീക്ഷയുടെ തരിയാണ് ഈശ്വർ മാൽപെയുടെ മനസിൽ.
നടുക്കടലിൽ കുടുങ്ങിപ്പോയ രണ്ട് ആഴക്കടൽ ട്രോളറുകൾ ബോട്ടുകൾ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചിട്ടുണ്ട് മാൽപെ. മദ്യപിച്ചെത്തി ബീച്ചിൽ തിരയിൽപ്പെട്ട ഏറെപ്പേരെ രക്ഷിച്ചു. നിയന്ത്രണം വിട്ടും ഒഴുക്കിൽപ്പെട്ടും മുങ്ങിയ 35 ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും മൂന്നു ടെന്പോ വാനുകളും കരകയറ്റിയ സാഹസിക അനുഭവങ്ങളും മാൽപെ സംഘത്തിനു പറയാനുണ്ട്.
ഫോൺ മുതൽ താലിമാല വരെ
മാൽപെ തുറമുഖത്തിലും നദികളിലും കായലിലും വീണുപോയ മൊബൈൽ ഫോണുകളും ആഭരണങ്ങളും വീണ്ടെടുത്ത അനുഭവങ്ങൾ ഏറെ. പ്രമുഖനായ ഒരു വ്യവസായിയുടെ സാന്പത്തിക ഇടപാടുകളും അക്കൗണ്ടുകളും രേഖപ്പെടുത്തിയിരുന്ന ഒന്നര ലക്ഷം രൂപയുടെ ആപ്പിൾ സ്മാർട്ട് ഫോണ് മാൽപെ പോർട്ടിൽ വീണുപോയി.
ഈശ്വർ മാൽപെ മിനിറ്റുകൾക്കുള്ളിൽ മുങ്ങിത്തപ്പി ഫോണ് കണ്ടെടുത്തുകൊടുത്തു. ഉപ്പുവെള്ളത്തിൽ വീണിട്ടും കാര്യമായ തകരാറുണ്ടാകാതെ ഫോണ് സർവീസ് ചെയ്തെടുക്കാനായതിൽ വ്യവസായിക്ക് ആശ്വാസം.
ഇതേ മുങ്ങലിൽ അവകാശികളില്ലാത്ത നാലു ഫോണ് കൂടി ഈശ്വറിന്റെ കൈയിൽ തടഞ്ഞിരുന്നു. അവയെല്ലാം പോർട്ട് ഓഫീസിൽ നൽകി സത്യസന്ധത കാട്ടി. നാലു പവന്റെ താലിമാലയും ഒന്നര പവന്റെ കല്യാണമോതിരവും ഉൾപ്പെടെ ആഭരണങ്ങൾ മുങ്ങിയെടുത്ത അനുഭവങ്ങൾ വേറെ.
അടുത്ത കാലം വരെ ഓക്സിജൻ കിറ്റില്ലാതെയാണ് ആഴങ്ങളിലേക്ക് ഉൗളിയിട്ട് മുങ്ങിത്തപ്പിയിരുന്നത്. ഇപ്പോൾ മാൽപെ യാന്ത്രിക് സൊസൈറ്റി സംഭാവനയായി നൽകിയ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
ഒന്നേകാൽ ലക്ഷം രൂപ വരുന്ന ഓക്സിജൻ റീഫില്ലിംഗ് കിറ്റ് കൂടി കിട്ടിയാൽ സേവനം കൂടുതൽ ഉപകാരപ്പെടുത്താം എന്നതാണ് ആഗ്രഹം. രക്ഷാപ്രവർത്തനത്തിനു ചെറുതും വലുതുമായ നൂറോളം പുരസ്കാരങ്ങൾ ഈശ്വറിനു ലഭിച്ചിട്ടുണ്ട്.
റെജി ജോസഫ്
rejideepika@gmail.com