മുറിവുണക്കും ചിരി
Saturday, February 22, 2025 8:13 PM IST
പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങളെ മാന്ത്രികക്കൈകൾ എന്നു വിളിച്ചാൽ ഡോക്ടർ തിരുത്തും, കാരണം സാന്ത്വന കരങ്ങൾ എന്നു കേൾക്കാനാണ് ഡോക്ടർക്ക് ഇഷ്ടം. സർജിക്കൽ ഒാങ്കോളജിസ്റ്റ് എന്ന നിലയിൽ 25 വർഷങ്ങൾ പിന്നിടുന്ന ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുന്പ് ഒരു ദിനം. ബംഗ്ലാദേശിലെ ധാക്ക ഇന്റർനാഷണൽ എയർപോർട്ട്. ധാക്കയിലെ അപ്പോളോ ആശുപത്രിയിലേക്കു പോകാനെത്തിയതാണ് ഡോ. ജോജോ വി. ജോസഫ്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ ഉന്നയിച്ച് ഉദ്യോഗസ്ഥർ പിടിച്ചുനിർത്തിയിരിക്കുന്നു. ചോദിച്ചതിനൊക്കെ മറുപടി നൽകിയിട്ടും അവർക്ക് ഒരു തൃപ്തി വരാത്തതുപോലെ.
അദ്ദേഹം ആകെ അസ്വസ്ഥനായി ചുറ്റും നോക്കി. ഒട്ടും പരിചയമോ കാര്യമായ ബന്ധങ്ങളോ ഇല്ലാത്ത സ്ഥലം. എന്തു ചെയ്യുമെന്ന ചിന്ത ഒരു ആശങ്കയായി മനസിലേക്കു പടർന്നുകയറുകയാണെന്നു തോന്നിയ നിമിഷം ഒരു വിളി കേട്ടു: "ഡോക്ടർ...''ഉള്ളിൽ എരിഞ്ഞു തുടങ്ങിയ കനലുകൾക്കു മീതെ ഒരു പുതുമഴ പെയ്തിറങ്ങിയ അനുഭവം. ഇവിടെ തന്നെ അറിയുന്ന ഒരാളോ? ആകാംക്ഷയോടെ തിരിഞ്ഞുനോക്കി.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥയുടെ വേഷത്തിൽ ഒരു യുവതി സൗഹൃദഭാവത്തിൽ പുഞ്ചിരിക്കുന്നു. ഒരു മുൻപരിചയവും തോന്നുന്നില്ല, ഇത് ആരായിരിക്കുമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്പോൾ യുവതിയുടെ മറുപടി: "ഡോക്ടറെ എനിക്കറിയാം. ഡോക്ടർ എന്റെ അമ്മയെ സർജറി ചെയ്തിട്ടുണ്ട്.''അപ്പോൾ തോന്നിയ ഒരാശ്വാസം, അതു പറഞ്ഞറിയിക്കാനാവില്ല.
ഒരു ഡോക്ടർക്കു കിട്ടാവുന്ന അമൂല്യമായ ആദരവുകളിലൊന്നാണ് ഇതെന്നു പറയുന്നത് കേരളത്തിലെ പ്രശസ്തനായ കാൻസർ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോജോ വി. ജോസഫ്. പണ്ടൊക്കെ ഒരു കാൻസർ ഡോക്ടറെ കാണുന്പോൾ പരിചയം കാണിക്കാൻ പോലും ആളുകൾ മടിച്ചിരുന്നു. തനിക്ക് അങ്ങനെ എന്തെങ്കിലും രോഗമുണ്ടെന്നു മറ്റുള്ളവർ കരുതുമോയെന്ന ആശങ്ക.
ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. കേരളത്തിൽ എംസിഎച്ച് യോഗ്യത നേടിയ ആദ്യ ഒാങ്കോ സർജൻമാരിൽ ഒരാളാണ് ഡോക്ടർ. ഈ മേഖലയിൽ കാൽനൂറ്റാണ്ട് പിന്നിടുന്പോൾ 23,000ൽ ഏറെ കാൻസർ സർജറികൾ ചെയ്തതിന്റെ തഴക്കവും വഴക്കവും സ്വന്തമാക്കിക്കഴിഞ്ഞു ആ കൈകൾ.
പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങളെ മാന്ത്രികക്കൈകൾ എന്നു വിളിച്ചാൽ ഡോക്ടർ തിരുത്തും, കാരണം സാന്ത്വന കരങ്ങൾ എന്നു കേൾക്കാനാണ് ഡോക്ടർക്ക് ഇഷ്ടം.
രണ്ടര പതിറ്റാണ്ട് മുന്പ് സർജിക്കൽ ഒാങ്കോളജിസ്റ്റ് എന്ന വിശേഷണത്തെക്കുറിച്ചു കേരളത്തിലെ ഡോക്ടർമാർ ചിന്തിച്ചു പോലും തുടങ്ങാത്ത കാലത്ത് അതു പ്രാക്ടീസ് ചെയ്യാൻ ജോജോ ഡോക്ടർ ഇറങ്ങിത്തിരിച്ചതിനു പിന്നിലും അതു തന്നെയാണ് കാരണം. പലപ്പോഴും പൂർണ സൗഖ്യം നേടിക്കൊടുക്കാൻ കഴിയുന്ന ജോലിയാണ് ഒരു ശസ്ത്രക്രിയാ വിദഗ്ധന്റേത്.
ശസ്ത്രക്രിയ വിജയമായാൽ ഒരുപക്ഷേ, ആ രോഗത്തിൽനിന്ന് എന്നേക്കുമായി രോഗി രക്ഷപ്പെടും. പേടിപ്പെടുത്തുന്ന കാൻസറിനെയാണ് രോഗികളിൽനിന്നു പറിച്ചെറിയാൻ കഴിയുന്നതെങ്കിൽ ഒരു ഡോക്ടർക്ക് അതിൽപരം എന്തു സംതൃപ്തി വേണം.
പ്രഗല്ഭനായ കാൻസർ സർജൻ എന്ന നിലയിൽ മാത്രമല്ല പ്രമുഖ ആശുപത്രികൾക്കായി ആധുനിക കാൻസർ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കി കൊടുത്തതിലൂടെയും ഡോ. ജോജോ വി. ജോസഫ് ആരോഗ്യമേഖലയിൽ ശ്രദ്ധേയനാണ്. അതിൽ ഏറ്റവും പ്രധാനം കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ.
കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച കാൻസർ ചികിത്സാകേന്ദ്രങ്ങളിലൊന്നായ കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയതും വളർത്തിയതും ഇന്ന് അതിനെ ഉയരങ്ങളിലേക്ക് നയിക്കുന്നതുമെല്ലാം ഡോ. ജോജോ തന്നെ. അതിന് കോട്ടയം അതിരൂപത മുൻ ആർച്ച്ബിഷപ് ആയിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയും ഇപ്പോൾ മാർ മാത്യു മൂലക്കാട്ടും കാരിത്താസ് മാനേജ്മെന്റും നൽകുന്ന പിന്തുണ അവിസ്മരണീയമെന്ന് അദ്ദേഹം പറയുന്നു.
കാരിത്താസിൽ പ്രവർത്തിച്ചുവരവേ 2017ൽ ബംഗ്ലാദേശിലെ ധാക്കയിലേക്കു ക്ഷണം. അവിടെ അപ്പോളോ ആശുപത്രിക്കായി (ഇപ്പോൾ എവർ കെയർ) ഒരു കാൻസർ ശസ്ത്രക്രിയാ കേന്ദ്രം സജ്ജമാക്കണം. അതിനായി കാരിത്താസിൽനിന്നു രണ്ടു വർഷത്തെ ഇടവേള.
എറണാകുളം ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ആശുപത്രിയിലെ മിഷൻ കാൻസർ കെയർ ഡിവിഷൻ സജ്ജീകരിച്ചു നൽകിയതിലും ഡോക്ടറുടെ കൈയൊപ്പുണ്ട്. ഇതിനകം മുപ്പതിനായിരത്തിലേറെ രോഗികൾ അദ്ദേഹത്തിന്റെ പക്കൽ സാന്ത്വനം തേടിയെത്തി. കാൻസർ ശസ്ത്രക്രിയാ രംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ഡോ. ജോജോ വി. ജോസഫ് സൺഡേ ദീപികയോടു സംസാരിക്കുന്നു.
25 വർഷങ്ങൾക്കു മുന്പ് കേരളത്തിൽ ഒാങ്കോളജി സർജൻ എന്ന ചിന്ത ഡോക്ടർമാരിൽ പോലും ഇല്ലായിരുന്ന കാലത്താണ് ഡോക്ടർ ഈ രംഗം തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ എന്തു തോന്നുന്നു?
ആ തീരുമാനം നൂറു ശതമാനം ശരിയാണെന്നല്ലേ കാലം തെളിയിക്കുന്നത്. ഇന്നു പ്രമുഖ ആശുപത്രികളിലെല്ലാം കാൻസർ ശസ്ത്രക്രിയാ വിഭാഗം സജ്ജമാകുന്നു. പുതിയ നിരവധി ഡോക്ടർമാർ ഈ രംഗത്തേക്കു വരുന്നു. കുറെയേറെ പേർക്ക് ഈ രംഗത്തേക്കുവരാൻ പ്രചോദനമേകാനായെന്ന സംതൃപ്തിയുമുണ്ട്.
നമ്മുടെ സമൂഹത്തിൽ കാൻസർ നിരക്ക് അതിവേഗം കൂടുകയാണെന്ന് ആശങ്കയുണ്ടല്ലോ?
കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുൻ കാലത്തേക്കാൾ കൂടാൻ പല കാരണങ്ങളുണ്ട്. ഒന്ന് ആയുർദൈർഘ്യത്തിലെ വർധന. സ്വാതന്ത്ര്യം കിട്ടുന്ന 1947ൽ ഇന്ത്യയിലെ ആയുർദൈർഘ്യം ശരാശരി 32 വയസ് മാത്രമായിരുന്നു.
എന്നാൽ, ആരോഗ്യരംഗവും സാഹചര്യങ്ങളും മെച്ചപ്പെട്ടതോടെ ഇന്നത് എൺപതിലേക്ക് എത്തി. സ്വാഭാവികമായി മുതിർന്നവരുടെ എണ്ണം സമൂഹത്തിൽ വർധിച്ചു. പ്രായമേറിയവരിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന രോഗമാണ് കാൻസർ. അതുകൊണ്ടുതന്നെ ബാധിക്കുന്നവരുടെ എണ്ണവും കൂടി.
ജീവിതശൈലി മാറ്റമാണ് മറ്റൊരു കാരണം. ചുരുക്കം പേർക്ക് പാരന്പര്യഘടകങ്ങൾ കാരണമാണെങ്കിലും അടിസ്ഥാനപരമായി കാൻസർ ഒരു ജീവിതശൈലീരോഗമാണ്. മുൻതലമുറയുടെ നിത്യജീവിത പ്രവർത്തനങ്ങൾക്കൊണ്ടുതന്നെ ശരീരത്തിനു വേണ്ട വ്യായാമം കിട്ടിയിരുന്നു.
കാലം പുരോഗമിച്ചതോടെ ശാരീരിക അധ്വാനം തീരെ കുറഞ്ഞു. ചെറിയ അധ്വാനംവേണ്ട കാര്യങ്ങൾ ചെയ്യാൻ പോലും യന്ത്രങ്ങളുണ്ട്. അതിനൊപ്പം അനാരോഗ്യകരമായ ഭക്ഷണരീതികൾ പ്രിയമായതോടെ ഇരട്ടപ്രഹരമാണ് ആരോഗ്യത്തിന് ഏറ്റത്.
പക്ഷേ, യുവതലമുറയിലും ഇപ്പോൾ കാൻസർ കൂടുന്നുണ്ടല്ലോ?
തീർച്ചയായും. പല കാരണങ്ങളുണ്ടെങ്കിലും ഭക്ഷണരീതികൾ അടക്കം ജീവിതക്രമങ്ങളിൽ വന്ന മാറ്റമാണ് പ്രധാനം. ഇന്നു പ്രോസസ് ചെയ്ത ഭക്ഷണമാണ് പലരുടെയും മെനുവിലെ മുഖ്യഘടകം. ഇവയിലെ റിഫൈൻ ചെയ്ത കാർബോഹൈഡ്രേറ്റുകളാണ് വലിയ ഭീഷണി.
ഗോതന്പ്, അരി, ഇറച്ചി എന്നിങ്ങനെ ഏതാണ്ട് എല്ലാ ഭക്ഷണങ്ങളുംതന്നെ കൃത്രിമമായി സംസ്കരിച്ചെടുത്ത അവസ്ഥയിൽ ലഭ്യമാക്കിയാണ് പലരും കഴിക്കുന്നത്. അതുപോലെ ഫ്രഞ്ച് ഫ്രൈസ്, ബർഗർ, പാസ്ത, വെളുത്ത ബ്രഡ്, വറുത്ത സാധനങ്ങൾ, പായ്ക്കറ്റ് ഫുഡുകൾ, ബ്രാൻഡഡ് ഇറച്ചിവിഭവങ്ങൾ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ പതിവായി കുട്ടികൾക്കു കൊടുത്തു ശീലിപ്പിക്കുന്ന മാതാപിതാക്കളുണ്ട്.
തയാറാക്കാനും വിളമ്പാനുമൊക്കെ എളുപ്പമാണെങ്കിലും തുടരെയുള്ള ഉപയോഗം ആരോഗ്യത്തെ കുഴപ്പത്തിലാക്കും. പൊണ്ണത്തടിക്കും വഴിവയ്ക്കും.
ഇതൊക്കെ കഴിക്കാതെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ കഴിയുമോ?
അങ്ങനെ ജീവിച്ചാൽ നിനക്കുകൊള്ളാം എന്നാണല്ലോ കാലം പറയുന്നത്. ഇത്തരം ഭക്ഷണങ്ങൾ വല്ലപ്പോഴും ഒരിക്കലാക്കുക. ഉദാഹരണത്തിന് ഇന്ന് ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലോ തട്ടുകടകളിലോ കയറിയാൽ പലരും ബാർബി ക്യു വാങ്ങി കഴിക്കുന്നതു കാണാം. വല്ലപ്പോഴും കഴിച്ചാൽ കുഴപ്പമില്ല.
എന്നാൽ, തുടർച്ചയായ ഉപയോഗം പ്രശ്നമാണ്. തീക്കനലുകൾക്കു മുകളിലാണ് ഇറച്ചി കുത്തിനിർത്തുന്നത്. ഇറച്ചിയിലെ കൊഴുപ്പും മറ്റും കനലിലേക്ക് ഇറ്റു വീഴും. അതിനെത്തുടർന്ന് ഉയരുന്ന, പല രാസവസ്തുക്കൾ കലർന്ന പുക നേരേ പിടിക്കുന്നതു മുകളിൽ തൂക്കിയിരിക്കുന്ന ഇറച്ചിയിലേക്കാണ്. അതാണ് നമ്മൾ കഴിക്കുന്നത്.
ഭക്ഷണരീതികൾ അടിമുടി മാറിമറിഞ്ഞല്ലോ. ഇതിൽനിന്ന് ആളുകളെ എങ്ങനെ രക്ഷിക്കാനാകും?
മദ്യവും പുകയിലയും പാൻമസാലയും ശരീരത്തിനു ദോഷം ചെയ്യുന്നതാണെന്നു തിരിച്ചറിഞ്ഞ് അതിനെ നിയന്ത്രിക്കാനും നിരോധിക്കാനുമൊക്കെ സമൂഹം ശ്രമിക്കുന്നുണ്ടല്ലോ. അതുപോലെതന്നെ പ്രധാനമാണ് ദോഷകരമായ ആഹാരപദാർഥങ്ങളുടെ നിയന്ത്രണവും.
പല സ്കൂളുകളിലും കോളജുകളിലും ഇപ്പോൾ കാന്റീനുകളും ഭക്ഷണശാലകളുമുണ്ട്. മിക്കയിടത്തും വറത്തുപൊരിച്ച പായ്ക്കറ്റ് ഭക്ഷണങ്ങളും കോളകളും കുട്ടികൾക്കു നിർബാധം കൊടുക്കുന്നു. ഇതിലൊക്കെ കർശന നിർദേശവും നിയന്ത്രണവും കൊടുക്കാൻ സർക്കാരുകൾക്കു കഴിയും. ചോദിക്കുന്നതെല്ലാം കുട്ടികൾക്കു വാങ്ങിക്കൊടുക്കുന്നതല്ല നല്ല മാതാപിതാക്കളുടെ ലക്ഷണം. മക്കളുടെ ആരോഗ്യം നോക്കേണ്ടേ.
മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണല്ലോ നമ്മുടെ സമൂഹത്തിന്റെ പൊതുസ്വഭാവം?
ശരിയാണ്. എനിക്കു രോഗം വരില്ല എന്നതാണ് മിക്കവരുടെയും തെറ്റിദ്ധാരണ. അതുകൊണ്ട് അശ്രദ്ധമായി ജീവിക്കും. വഴിയേ പോകുന്ന രോഗത്തെ വിളിച്ചുകയറ്റുന്നതിനു തുല്യമാണിത്.
കാൻസർ ബാധിച്ചാൽ "ആളും പോകും കാശും തീരും'' എന്നൊരു പറച്ചിലുണ്ടല്ലോ?
രോഗം തുടക്കത്തിലേ കണ്ടെത്താൻ കഴിഞ്ഞാൽ ആളു പോകുമെന്ന ആശങ്കയുടെ ആവശ്യമില്ല. കാൻസർ ചികിത്സ ചെലവേറിയതാണ്. ഉദാഹരണമായി റേഡിയോ തെറാപ്പിക്കുവേണ്ടി പുതിയ മെഷീൻ വാങ്ങി. 25 കോടി രൂപയാണ് വില. കൂടാതെ ഒാരോ വർഷവും മെയിന്റനൻസിനു മാത്രം ലക്ഷങ്ങൾ വേണ്ടിവരും. 10 വർഷമാണ് യന്ത്രത്തിന്റെ ആയുസ്.
ഒരു മാസം കൂടി വന്നാൽ 45-50 രോഗികൾക്ക് ഇതിന്റെ സേവനം നൽകാം. ഒന്നു ചിന്തിച്ചുനോക്കൂ, രോഗികളോട് എത്ര രൂപവച്ച് ഈടാക്കിയാലാണ് യന്ത്രത്തിന്റെ മുടക്കുമുതലെങ്കിലും തിരിച്ചുകിട്ടുക? ഇത്തരം ചികിത്സാ യന്ത്രങ്ങൾക്ക് നികുതി ഇളവ് കൊടുക്കാൻ സർക്കാർ തയാറായാൽ അത്രയും വില കുറയും. എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ് എന്നതാണ് ചികിത്സാച്ചെലവ് കുറയ്ക്കാൻ പ്രധാന മാർഗം.
ഡോക്ടർമാർ കൂടിയ പ്രതിഫലം വാങ്ങുന്നതാണ് ചികിത്സച്ചെലവ് കൂടാൻ കാരണമെന്ന് പലരും ആക്ഷേപിക്കാറുണ്ടല്ലോ?
മറ്റു തൊഴിലുകളെ അപേക്ഷിച്ച് വളരെ വൈകി മാത്രം ശന്പളം വാങ്ങിത്തുടങ്ങാൻ കഴിയുന്നവരാണ് ഡോക്ടർമാർ. മറ്റു പല പ്രഫഷണലുകളും 25-26 വയസിൽ സ്വന്തമായി ശന്പളം വാങ്ങിത്തുടങ്ങുന്പോഴും ഡോക്ടർമാർ പഠനത്തിലായിരിക്കും. ഞാൻ എന്റെ 32-ാം വയസിലാണ് ആദ്യമായി ശമ്പളം വാങ്ങുന്നത്.
ഇപ്പോൾ പല കോഴ്സുകളും പൂർത്തിയാക്കി 35 വയസ് കഴിയുന്പോഴാണ് ഒരു ഡോക്ടർ സ്വന്തമായി ശമ്പളം വാങ്ങാൻ കഴിയുന്ന നിലയിലേക്ക് എത്തുന്നത്. ഇതിനകം എത്രയോ ലക്ഷം രൂപ അവർ പഠനത്തിനായി മുടക്കിയിട്ടുണ്ടാകും. സ്വാഭാവികമായി അതിന് അർഹിക്കുന്ന പ്രതിഫലം അവർക്കു ലഭിക്കേണ്ടേ? അർഹിക്കാത്ത പ്രതിഫലം ആരും ആർക്കും നൽകില്ല.
ഇടയ്ക്കിടെ വേണ്ടിവരുന്ന ആധുനികവത്കരണം ആശുപത്രികൾക്കു വലിയ ബാധ്യതയാണ്. ഡോക്ടറുമായി സംസാരിച്ച് നമുക്കു യോജിച്ച ചികിത്സ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സാരീതികൾ സ്വീകരിക്കുംമുന്പ് അതിന്റെ പ്രയോജനം, വിജയസാധ്യത ഇവയൊക്കെ മനസിലാക്കുക. രക്ഷപ്പെടാൻ തീരെ സാധ്യതയില്ലാത്ത രോഗിക്കു ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സ തെരഞ്ഞെടുക്കേണ്ടതുണ്ടോയെന്നതാണ് ചോദ്യം.
മറ്റു രോഗികളേക്കാൾ കൂടുതൽ സങ്കടത്തോടെയും നിരാശയോടെയും ആശങ്കയോടെയുമൊക്കെ എത്തുന്നവരാണല്ലോ കാൻസർ രോഗികൾ...?
ആദ്യമൊക്കെ എന്നെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. പിന്നെപ്പിന്നെ കൈകാര്യം ചെയ്യാൻ പഠിച്ചു. എങ്കിലും ചിലപ്പോൾ ചിരിക്കണോ കരയണോ എന്നു തോന്നുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി. പല ആരോഗ്യപ്രശ്നങ്ങൾ.
അതിനിടയിൽ കാൻസർ സർജറി. ശസ്ത്രക്രിയ തരണം ചെയ്യാൻ 30 ശതമാനം സാധ്യതയേയുള്ളൂ. ഇക്കാര്യമെല്ലാം വളരെ നയപരമായി അവരെ പറഞ്ഞു മനസിലാക്കിക്കഴിയുന്പോഴും ചിലർ ചോദിക്കും... "മറ്റു കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ അല്ലേ ഡോക്ടർ..!'
സൈബർ ആക്രമണങ്ങളെ പേടിക്കാതെ സോഷ്യൽ മീഡിയയിൽ ?
സോഷ്യൽ മീഡിയയിൽ ആരോഗ്യകാര്യങ്ങളെക്കുറിച്ച് അശാസ്ത്രീയമായ നിരവധി കാര്യങ്ങൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടർമാർ എന്നവകാശപ്പെട്ടാണ് ചിലർ ആളുകളെ വഴിതെറ്റിക്കുന്നത്. നമ്മൾ പറയാതിരുന്നാൽ പിന്നെ ആരാണ് യാഥാർഥ്യം ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നതെന്നു ചിന്തിച്ചപ്പോൾ രംഗത്തിറങ്ങി.
ഇപ്പോൾ രണ്ടു ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്നുണ്ട്. സൈബർ ആക്രമണം പേടിച്ച് പറയാനുള്ളതു പറയാതിരിക്കില്ല. - ഇതു പറയുന്പോൾ ഡോക്ടറുടെ മുഖത്ത് എല്ലാവർക്കും പോസിറ്റീവ് വൈബ് പകരുന്ന ചിരി, ആ ചിരിയില്ലാതെ ഡോക്ടറെ കാണാനേ കഴിയില്ല. പാലാ പൂഞ്ഞാർ മലയിഞ്ചിപ്പാറ വാട്ടപ്പള്ളിൽ ഡോ. ജോജോ വി. ജോസഫ് കോട്ടയം മെഡിക്കൽ കോളജിൽനിന്ന് 1991ൽ എംബിബിഎസ് നേടി.
ജംനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഉന്നത പഠനം പൂർത്തിയാക്കി. ചികിത്സാരംഗത്തെ അനുഭവക്കുറിപ്പുകൾ പുസ്തകമാക്കിയിട്ടുണ്ട്. ഭാര്യ ഡോ. ജിൻസി മാത്യു കാരിത്താസിൽത്തന്നെ സീനിയർ റേഡിയോളജിസ്റ്റ് ആണ്.
ഏകമകൻ ഡോ. നിഖിൽ ജോജോ തുങ്കൂർ ശ്രീസിദ്ധാർഥ മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്നുവെന്നു പറയുന്പോൾ ഒരു ഡോക്ടർ കുടുംബത്തിന്റെ ചിത്രം പൂർണമാകുന്നു.
ജോൺസൺ പുവന്തുരുത്ത്