""ചെരുപ്പു കണ്ടുപിടിച്ചവര്‍ ചെരുപ്പില്ലാതെ നടക്കുന്നു'' -വേൾഡ് പീസ് ട്രാക്ക് അംബാസഡർ അലീസ യെഷെറ്റ് മോസസ് ഇപ്പോഴത്തെ ഇസ്രായേലിന്റെ ജീവിതവും രാഷ്ട്രീയവും വിലയിരുത്തുന്നു...
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെടുന്നതിന്റെ സൂചനയൊന്നും കാണുന്നില്ല. ഹിസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കൾ വധിക്കപ്പെട്ട സാഹചര്യത്തിൽ ഇസ്രയേലിനെതിരെ ഏതു നിമിഷവും കൂടുതൽ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതി പടർന്നുകഴിഞ്ഞു. ഇസ്രയേലിനെ സഹായിക്കാനായി അമേരിക്കൽ മിസൈൽ വാഹക അന്തർവാഹിനികളടക്കമുള്ള പടക്കോപ്പുകൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ, ഇസ്രയേലിലെ ടെൽ അവീവ് സ്വദേശിനിയും ഏഷ്യ- അറബ് ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടറും ഇന്റർനാഷനൽ ഹ്യൂമൻറൈറ്റ്സ് അഡ്വൈസറി കൗൺസിലിന്റെ ഇസ്രയേൽ അധ്യക്ഷയും വേൾഡ് പീസ് ട്രാക്ക് അംബാസഡറുമായ അലീസ യെഷെറ്റ് മോസസ് പശ്ചിമേഷ്യയിലെ ജീവിതത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും ദീപികയോടു സംസാരിക്കുന്നു.
വലിയ സൈനിക സന്നാഹങ്ങളും ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനയുമുള്ള ഇസ്രയേല്‍, ചെറിയ സംവിധാനങ്ങള്‍ മാത്രമുള്ള ഹമാസിന്റെ ആക്രമണം എന്തേ അറിഞ്ഞില്ല..?
എന്നെപ്പോലെ ഒരുപാടു പേര് സ്വയം ചോദിക്കുന്ന ചോദ്യമാണിത്. തീര്‍ച്ചയായും അത് അന്വേഷിക്കണം. ഞങ്ങളുടെ ആര്‍മി എവിടെപ്പോയി, ഞങ്ങളുടെ പ്രശസ്തമായ എയര്‍ ഫോഴ്സ് എന്തെടുക്കുകയായിരുന്നു. ലോകത്തെ ചലനങ്ങളെല്ലാം അപ്പപ്പോള്‍ അറിയുന്ന ഞങ്ങളുടെ ഇന്റലിജന്‍സ് മൊസാദ് എന്തുകൊണ്ട് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുക്കൾ തുരങ്കം നിർമിച്ചത് അറിഞ്ഞില്ല.
രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന നിങ്ങളുടെ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു തനിക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നു നിരീക്ഷണമുണ്ടല്ലോ..?
ഞാനത് നിഷേധിക്കുന്നില്ല. പക്ഷേ, അങ്ങനെ വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചെരുപ്പു കണ്ടുപിടിച്ചവര്ത്തന്നെ ചെരുപ്പില്ലാതെ നടക്കുന്നു എന്നു മാത്രമേ എനിക്ക് ഇതെപ്പറ്റി പറയാനുള്ളൂ.
സത്യത്തില്‍ നെതന്യാഹു എന്ന പ്രധാനമന്ത്രി ഇപ്പോള്‍ ഇസ്രയേലിന് ഒരു ബാധ്യതയല്ലേ..?
അദ്ദേഹം വിചാരണ നേരിടുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അധികാരത്തില്‍ തുടര്‍ന്നേ മതിയാവൂ. അതിനദ്ദേഹം ചില ഫണ്ടമെന്റല്‍ ഗ്രൂപ്പുകളുടെ പിന്തുണ തേടുന്നു. അദ്ദേഹം ആദ്യം വന്നപ്പോള്‍ എത്രയോ നല്ല പ്രധാനമന്ത്രിയായിരുന്നു. രണ്ട് ടേമിനപ്പുറം ആരും ഒരു കസേരയിലും ഇരിക്കരുതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാരണം, അധികാരം ആരെയും ദുഷിപ്പിക്കും. എനിക്കു പോലും അതു ബാധകമാണ്.
ഇസ്രയേലിലെ സാധാരണക്കാരുടെ ജീവിതം ഇപ്പോൾ എങ്ങനെയാണ്..
ഏതു നിമിഷവും ഗാസയില്‍നിന്നു മിസൈല്‍ വീഴാമെന്ന ഭീതിയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. പാര്‍ക്കുകളും സ്കൂളുകളും അടക്കമുള്ള പൊതുവിടങ്ങളിലെല്ലാം അണ്ടര്‍ ഗ്രൗണ്ട് ഷെല്‍ട്ടറുകള്‍ ഉണ്ട്. എന്തിന്, വീടുകളില്‍ പോലും ഷെല്‍ട്ടറുകള്‍ ഉണ്ട്.
ആംബുലന്‍സുകളുടെയും യുദ്ധമുന്നറിയിപ്പുകളുടെയും സൈറന്‍ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജീവിതം എത്രമാത്രം സമ്മര്‍ദം നിറഞ്ഞതായിരിക്കും എന്നു നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല.
മാധ്യമങ്ങള്‍ ഇതൊന്നും കാണിക്കാറില്ല. അവര്‍ പലസ്തീനികളുടെ കണ്ണീരും കരച്ചിലുമൊക്കെയാണ് ഫോക്കസ് ചെയ്യുന്നത്. പിന്നെ, മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ കരയാറില്ല. ഞങ്ങള്‍ ജൂതന്മാര് മറ്റുള്ളവരുടെ മുന്നില്‍ ദൗര്‍ബല്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നവരല്ല, എന്നെത്തന്നെ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ, നമ്മുടെ ഈ ദീര്ഘസംഭാഷണത്തിന്റെ ഏറിയപങ്ക് സമയവും ഞാന്‍ ചിരിച്ചുകൊണ്ടല്ലേ ഇരുന്നത്.
രാജ്യത്തിന്റെ തെക്കുള്ളവര്‍ ഹമാസിനെ പേടിച്ചു വീടുപേക്ഷിച്ചു പലായനം ചെയ്തു. വടക്കുള്ളവര്‍ ഹിസ്ബുള്ളയെ ഭയന്നും വീടുവിടുന്നു. എന്റെ ചെറുപ്പത്തില്‍ സൈനികസേവനം നിര്‍ബന്ധിതമായിരുന്നില്ല. ഇപ്പോള്‍ അങ്ങനല്ല, എല്ലാ കൗമാരക്കാരും പട്ടാളത്തില്‍ ചേര്‍ന്നേ മതിയാവൂ.
സത്യത്തില്‍ ഇസ്രയേലികളെല്ലാം വളരെ സ്ട്രെസ്ഡ് ആണ്. കാരണം അത്ര നല്ല അയല്‍ക്കാരാണല്ലോ ഞങ്ങള്‍ക്കുള്ളത്. ഞങ്ങളുടെ എതിരാളികള്‍ക്കു യുദ്ധം പ്രഫഷനാണ്. ഞങ്ങള്‍ക്കോ, അതിജീവനത്തിനായുള്ള ചെറുത്തുനില്‍പ്പും. ആ വ്യത്യാസം ലോകം കാണുന്നില്ല.
വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കു മുന്‍കൈ എടുത്തിരുന്ന ഹമാസിന്റെ പൊളിറ്റിക്കല്‍ ലീഡര്‍ ഇസ്മായില്‍ ഹനിയയെ വധിച്ചതിലൂടെ, സമാധാനത്തിനു തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നല്ലേ ഇസ്രായേല്‍ ലോകത്തോടു പറയുന്നത്..?
ഹനിയ വെടിനിര്‍ത്തലിനു ശ്രമിച്ചിരുന്നുവെന്നും അയാള്‍ വെറും പൊളിറ്റിക്കല്‍ ലീഡര്‍ മാത്രമാണെന്നതൊക്കെ മാധ്യമങ്ങളുടെ നരേറ്റീവ് മാത്രമാണ്. യുഎസിലെ ലെഫ്റ്റ് മീഡിയയാണ് ആ കളര്‍ അദ്ദേഹത്തിനു കൊടുത്തത്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന കൂട്ടക്കുരുതി ഇസ്മായില്‍ ഹനിയ അറിയാതെ നടന്നു എന്നാണോ നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.? അങ്ങനെയെങ്കില്‍ അയാള്‍ ഹമാസിന്റെ നേതാവായിരിക്കാന്‍ യോഗ്യനേയല്ലല്ലോ.
പക്ഷേ, ഹനിയയെ വധിച്ചതിലൂടെ കൂടുതല്‍ തീവ്രനിലപാടുള്ള യഷ്യ സിന്‍വറിന്റെ നേതൃത്വത്തിലേക്ക് ഹമാസ് മാറുകയല്ലേ ചെയ്തത്,അതു നയപരമായ പാളിച്ചയല്ലേ..
അല്ല. അയാള്കൂടി തീരുന്നതോടെ ഹമാസിന്റെ പ്രഹരശേഷി അവസാനിക്കും. അയാള്‍ ഇസ്മായില്‍ ഹനിയയ്ക്ക് എതിരായിരുന്നു. എന്നു കരുതി സിന്‍വര്‍ വിശുദ്ധനാണെന്നല്ല. ടണലില്‍ ജീവിക്കുന്ന ഭീകരനാണയാള്‍.
ഹമാസിന്റെ "മിനിസ്റ്റര്‍ ഓഫ് കില്ലിംഗ്" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍, ഹനിയ വധിക്കപ്പെടുമെന്നു ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ, സിൻവറെ ഇസ്രയേല്‍ വധിക്കുമെന്നു ഞാന്‍ കരുതുന്നു, കാരണം സമാധാനത്തിലേക്കുള്ള അവസാന വിലങ്ങുതടിയാണ് അയാൾ.
ഇസ്രായേലിനു മുന്‍കൈ എടുത്തു യുദ്ധം നിര്‍ത്തിക്കൂടേ, നെതന്യാഹുവിന്റെ താത്പര്യമല്ലേ യുദ്ധം തുടരുക എന്നത്..
ഞാനത് നിഷേധിക്കുന്നില്ല, ശരിവയ്ക്കുന്നുമില്ല. പക്ഷേ, ഇപ്പോഴും നൂറിലേറെ ഇസ്രായേലുകാര്‍ ഹമാസിന്റെ തടവിലുണ്ട്. സ്ത്രീകളുമുണ്ട് അവരില്‍. അവര്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
അവര്‍ ബന്ദികളായിട്ട് ഇപ്പോള്‍ പത്തു മാസമാവുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ദൈവമേ, ഞാന്‍ ഭയപ്പെടുന്നതൊന്നും സംഭവിക്കാതിരിക്കട്ടെ. ഈ ബന്ദികള്‍ സുരക്ഷിതരായി തിരികെയെത്താതെ യുദ്ധം നിര്‍ത്താന്‍ ഇസ്രായേലിനു കഴിയില്ല എന്നതാണു യാഥാര്‍ഥ്യം.
ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് എങ്ങനെ വിലയിരുത്തുന്നു..?
സത്യത്തില്‍ ഏറ്റവും സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തത് സോഷ്യല്‍ മീഡിയയാണ്. ഒക്ടോബര്‍ ഏഴിന് ഞങ്ങളുടെ വീടിനു ചുറ്റും തോക്കുധാരികള്‍ ഓടി നടക്കുന്നതും ഞങ്ങളുടെ സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുന്നതുമെല്ലാം ലൈവായി കാണിച്ചത് സോഷ്യല്‍ മീഡിയയാണ്. അപ്പോള്‍ പോലും ഞങ്ങളുടെ പട്ടാളം അതറിഞ്ഞിരുന്നില്ലത്രേ. ടെലിവിഷനുകള്‍ കാണിച്ചതുപോലും സോഷ്യല്‍ മീഡിയയുടെ പോസ്റ്റുകളാണ്.
അല്‍-ജസീറയുടെ ഏകപക്ഷീയമായ റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കാന്‍ കഴിഞ്ഞത് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളിലൂടെയാണ്.
പക്ഷേ ഇസ്രയേലിനെതിരെ ലോകമാകെ ചെറുപ്പക്കാര്‍ സമരത്തിലാണല്ലോ..?
ലോകമാധ്യമങ്ങളില്ലാം വലിയ ഇടതുസ്വാധീനമുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ, യുകെയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയുമൊക്കെ സമരം കാണുമ്പോള്‍ എനിക്കു ചിരിയാണു വരുന്നത്. ഇസ്രയേലിനെതിരേ എല്‍ജിബിടിക്കാരുടെ സമരം ഞാന്‍ കഴിഞ്ഞ ദിവസം ടിവിയില്‍ കണ്ടു.
ഈ എല്‍ജിബിടിക്കാര്‍ക്ക് ലോകത്തെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തു ജീവിക്കാന്‍ കഴിയുമോ?, അതുപോലെ സര്‍വകലാശാലകളിലൊക്കെ ചെറുപ്പക്കാരികള്‍ നടത്തിയ സമരങ്ങള്‍ കണ്ടോ, അവര്‍ ധരിച്ച വസ്ത്രം ശ്രദ്ധിച്ചോ, ഷോർട്സും മിനിയും സ്ലീവ് ലെസുമിട്ട് അവര്‍ പിന്തുണയ്ക്കുന്ന രാജ്യത്തുപോയി ജീവിച്ചു കാണിക്കാമോ?
എത്ര നാള് ഈ യുദ്ധം തുടരും?
വേണ്ടിവന്നാൽ ഞങ്ങൾക്കു ഗാസയിൽ പോയി അവരെ തുടച്ചു നീക്കാൻ പറ്റും. പക്ഷേ, യുദ്ധവുമായി ബന്ധമില്ലാത്ത ഒരുപാടുപേർക്കു ജീവഹാനി സംഭവിക്കും. അതൊരിക്കലും ഇസ്രയേൽ ഇഷ്ടപ്പെടുന്നില്ല.
യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് എന്നെപ്പോലുള്ള സാധാരണ ഇസ്രയേലികൾ ആഗ്രഹിക്കുന്നത്. കാരണം, ഒരോ മിസൈലിന്റെയും വില അര മില്യൺ ഡോളറാണ്. ഇതാണ് ആർക്കും പ്രയോജനമില്ലാതെ ആകാശത്തു കത്തിത്തീരുന്നത്. ഹമാസിന്റെ ആക്രമണം നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന അയൺഡോമിനുവേണ്ടിയും കോടികളാണ് ചെലവിടുന്നത്.
ഇതര മതസ്ഥരുടെ അവസ്ഥ ഇസ്രയേലില്‍ എങ്ങനെയാണ്..?
ഇസ്രയേലില്‍ 80 ശതമാനം ജൂതരും 18 ശതമാനം മുസ്ലിംകളും രണ്ടു ശതമാനം ക്രിസ്ത്യന്‍ അടക്കമുള്ളവരുമാണ്. ലോകത്ത് ജീവിത നിലവാരത്തിലും വസ്ത്രധാരണത്തിലും സാമൂഹികനീതിയിലും ഏറ്റവും പുരോഗമനപരമായി ജീവിക്കുന്ന മുസ്ലിംകള് ഇസ്രായേലിലാണ്. അവര്‍ക്കാര്‍ക്കും പാലസ്തീനിലേക്കോ മറ്റു മുസ്ലിം രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹമില്ല.
ഷാജന് സി. മാത്യു
shajancmathew@gmail.com