ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല, വർച്വൽ ബുക്കിംഗ് പരിധി കുറച്ചു
Tuesday, January 2, 2024 11:34 AM IST
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. പത്താം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല. പതിനാലിന് വർച്വൽ ക്യൂ ബുക്കിംഗ് പരിധി 50,000 ആയും മകരവിളക്ക് ദിനത്തിൽ 40,000 ആയും കുറച്ചു.
ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പോലീസിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. മകരവിളക്ക് ദിവസവും തലേന്നും കുട്ടികളും സ്ത്രീകളും തീർഥാടനമൊഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യർഥിച്ചു.
16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
അതേസമയം, മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് തിരക്ക് വർധിച്ചുവരികയാണ്. തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിരുന്നു. ഇന്നും ഒമ്പതുമണിക്കൂറോളം ക്യൂനിന്നാണ് തീർഥാടകർ ദർശനം നടത്തുന്നത്. അതേസമയം, കൂടുതൽ പേരെ പതിനെട്ടാംപടി കയറ്റിവിടാനാകുന്നുമുണ്ട്.