കൊച്ചി: മലയാള ചലചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൊവാഴ്ച രാത്രി പത്തോടെയായിരുന്നു ജോണിയുടെ അന്ത്യം. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ ജോണി വില്ലൻ വേഷങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2022ൽ പുറത്തിറങ്ങിയ മേപ്പടിയാനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ചെങ്കോൽ, കിരീടം, ക്രൈം ഫയൽ, ഗോഡ്ഫാദർ, തച്ചിലേടത്ത് ചുണ്ടൻ, സ്പടികം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തമിഴിലും കന്നഡത്തിലും തെലുങ്കിലുമൊക്കെ മികച്ച വേഷങ്ങൾ ചെയ്ത താരം കൂടിയായിരുന്നു അദ്ദേഹം.