കൗമാരക്കാരന്റെ വയറിനോട് ചേര്‍ന്ന് തൂങ്ങിനിന്നിരുന്ന അധിക കാലുകള്‍ നീക്കംചെയ്ത് എയിംസ് ഡോക്ടർമാർ
Wednesday, February 26, 2025 4:49 AM IST
ന്യൂഡൽഹി: വയറില്‍ നിന്ന് തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയ ആരോഗ്യരംഗത്ത് പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്.
ഉത്തര്‍പ്രദേശിലെ ബാലിയയില്‍ അപൂര്‍വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
കുട്ടിയ്ക്ക് ആരോഗ്യമുള്ള രണ്ട് കാലുകളും രണ്ട് കൈകളുമുണ്ടെങ്കിലും പൊക്കിളിനോട് ചേര്‍ന്ന് മറ്റ് രണ്ട് കാലുകള്‍ അധികമായുണ്ടായിരുന്നു. ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
അപൂര്‍ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെങ്കിലും അതില്‍ ഒന്നിന്റെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്ത അവസ്ഥ.
ഈ പൂര്‍ണമായി വളരാത്ത ശരീര ഭാഗങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിന്റെ ശരീരത്തോട് പറ്റിപ്പിടിക്കുകയും ഇത്തരത്തില്‍ തന്നെ കുഞ്ഞ് ജനിക്കുകയും ചെയ്യുന്ന അപൂര്‍വ അവസ്ഥയാണ് അപൂര്‍ണ പരാഗ ഇരട്ട. ലോകത്താകെ ഇത്തരത്തില്‍ അധികമായി കാലുകള്‍ വളര്‍ന്ന 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അധികമായി വയറിലുള്ള കാലുകള്‍ മൂലം ഈ 17 വയസുകാരന്റെ വളര്‍ച്ചയും അവയവങ്ങളുടെ പൂര്‍ണവികാസവും തകരാറിലാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയിംസ് ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളും കൂട്ടുകാരുടെ പെരുമാറ്റം മൂലമുണ്ടായ വിഷാദവും മൂലം ഈ കുട്ടിയ്ക്ക് എട്ടാം ക്ലാസിന് ശേഷം സ്കൂളില്‍ പോകാനായിരുന്നില്ല. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. നാലുദിവസം കുട്ടി നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായെന്നും എയിംസ് ഡോക്ടര്‍മാര്‍ അറിയിച്ചു.