പോഡ്കാസ്റ്റ് എല്ലാവരും കേൾക്കട്ടെ; നടക്കുന്നത് അനാവശ്യ വിവാദമെന്ന് ശശി തരൂർ
Tuesday, February 25, 2025 9:49 PM IST
ന്യൂഡൽഹി: തന്റെ പോഡ്കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പോഡ്കാസ്റ്റ് ആദ്യം എല്ലാവരും കേൾക്കട്ടെയെന്നും തരൂർ പറഞ്ഞു.
ഹൈക്കമാൻഡ് വിളിപ്പിച്ച നേതാക്കളുടെ കൂട്ടത്തിൽ താനും ഭാഗമാണെന്നും തരൂർ പറഞ്ഞു. നിലപാടു കടുപ്പിച്ച് കോണ്ഗ്രസ് നേതൃത്വത്തെ കൂടുതൽ സമ്മർദത്തിലാക്കിയാണ് കഴിഞ്ഞ ദിവസം ശശി തരൂർ എംപി രംഗത്തെത്തിയത്.
പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്കു മുന്നിൽ മറ്റു വഴികളുണ്ടെന്ന പരാമർശം അടങ്ങിയ ഇംഗ്ലീഷ് മാധ്യമത്തിലെ അഭിമുഖം ഏറെ ചർച്ചാവിഷയമായി. തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗം കൂടിയായ ശശി തരൂർ, ആവശ്യമെങ്കിൽ കോണ്ഗ്രസ് പാർട്ടി വിടാനും തയാറാണെന്ന സന്ദേശമാണ് ഇതുവഴി നൽകിയതെന്ന വിലയിരുത്തലുകളുണ്ടായി.
തരൂരിന്റെ വിവാദ പ്രസ്താവനകളെ നേരത്തേ ഒരു ഘട്ടത്തിൽ പോലും തള്ളിപ്പറയാതിരുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള സംസ്ഥാന നേതൃത്വവും ഇതോടെ വെട്ടിലായി. കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ടെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും ശശി തരൂർ അഭിമുഖത്തിൽ തുറന്നടിച്ചു.
കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായി വിജയൻ സർക്കാരിനെ പുകഴ്ത്തിയും തരൂർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.