നാട്ടിലേക്ക് എത്താൻ ശ്രമിക്കുകയാണ്; വീസ കാലാവധി തീർന്നതിനാൽ സാധിക്കുന്നില്ലെന്ന് അഫാന്റെ പിതാവ് റഹീം
Tuesday, February 25, 2025 8:36 PM IST
തിരുവനന്തപുരം: നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം അറിയിച്ചു.
രണ്ടര വർഷമായി വീസയില്ലാതെ നിൽക്കുകയാണ്. സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ട്. അധികം വൈകാതെ ശരിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ കൃത്യമായിട്ടൊന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട്ടിൽ ഉറ്റവരായ അഞ്ച് പേരെയും കൊലപ്പെടുത്താൻ പ്രതി അഫാൻ ഉപയോഗിച്ചത് ഒരേ ചുറ്റികയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചുറ്റിക പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട്ടിലെ കടയിൽ നിന്ന് അഫാൻ തന്നെ വാങ്ങിയ ചുറ്റികയാണ് കൊലയ്ക്ക് ഉപയോഗിച്ചത്. പ്രതി ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയുടെ പിതൃസഹോദരൻ ലത്തീഫിനെയാണെന്നും പോലീസ് പറഞ്ഞു.
20 തവണ തലയ്ക്കടിച്ചുവെന്നാണ് കണ്ടെത്തൽ. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നതായി പ്രതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പ്രതി നൽകുന്ന വിവരങ്ങൾ പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.