നയപ്രഖ്യാപനത്തിനിടെ ബഹളം; ഡൽഹിയിൽ 21 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ
Tuesday, February 25, 2025 4:33 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ 21 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ. പ്രതിപക്ഷ നേതാവ് അതിഷി മർലേന അടക്കമുള്ള എംഎൽഎമാരെയാണ് സസ്പെന്റുചെയ്തത്.
ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളംവച്ചതിനാണ് സസ്പെൻഷൻ. മൂന്ന് ദിവസത്തേക്കാണ് സസ്പെന്റുചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ. അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചത്. സസ്പെൻഷനു പിന്നാലെ എഎപി അംഗങ്ങൾ നിയമസഭാ വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ കസേരയ്ക്കു പിന്നിൽ രാഷ്ട്രപതി, ഗാന്ധിജി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രം വച്ച ശേഷം അംബേദ്ക്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ ഇരു വശത്തെ ചുമരുകളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിനിടെ മദ്യനയം ഉൾപ്പെടെ അരവിന്ദ് കേജരിവാളിന്റെ കാലത്ത് മറച്ചുവച്ച 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്തു വച്ചു. രണ്ടായിരം കോടി രൂപയുടെ നഷ്ടം മദ്യനയം വഴി ഖജനാവിന് ഉണ്ടായി എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.