കണ്ണൂരിൽ വഴിതടഞ്ഞ് സിപിഎം സമരം; കേസെടുക്കുമെന്ന് പോലീസ്, നോട്ടീസ് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്ന് ജയരാജൻ
Tuesday, February 25, 2025 3:46 PM IST
കണ്ണൂർ: നഗരത്തിൽ നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സിപിഎം സമരം. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരേ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ - യോഗശാല നാലവരിപ്പാതയിലായിരുന്നു സിപിഎം നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്.
അതേസമയം, ഗതാഗത തടസമുണ്ടാക്കി സമരം നടത്തിയതിനെതിരേ കേസെടുക്കുമെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു. എന്നാൽ, പോലീസിന്റെ നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം.
പതിനായിരങ്ങള്‍ പങ്കെടുക്കുമ്പോള്‍ വഴി തടസപ്പെടുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ക്ക് യാത്രാമാര്‍ഗങ്ങള്‍ വേറെയുണ്ട്.എന്നാല്‍ സമരം ചെയ്യാന്‍ പോസ്റ്റ് ഓഫീസ് വേറെയില്ലെന്നും ജയരാജന് പറഞ്ഞു. ഈ സമരത്തെ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിക്കും. അവര്‍ക്ക് ഇത് വയറ്റിപ്പിഴപ്പാണ്. എന്നാല്‍ മലയാളികള്‍ക്ക് ഇത് ജീവന്റെ പിഴപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.