മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
Tuesday, February 25, 2025 12:50 PM IST
വത്തിക്കാൻ: ഇരട്ട ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്നു വത്തിക്കാൻ. വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാൻ പുതിയ വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ, മാർപാപ്പ ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.
ക്ലിനിക്കൽ സാഹചര്യത്തിന്റെ സങ്കീർണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം. ശ്വാസകോശത്തെയും കിഡ്നിയെയും രോഗം ബാധിച്ചതിനാൽ മാർപാപ്പയുടെ നില ഗുരുതരമാണെന്നാണു കഴിഞ്ഞദിവസം വത്തിക്കാൻ അറിയിച്ചിരുന്നത്.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആശുപത്രി മുറിയിൽവച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഈമാസം 14നാണ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്