അഗളി ഗവ. എൽപി സ്കൂളിൽ പുലിയിറങ്ങിയെന്ന് പരാതി; ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
Tuesday, February 25, 2025 10:44 AM IST
പാലക്കാട്: അട്ടപ്പാടി അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലിയിറങ്ങിയെന്ന് പരാതി. ഇന്ന് രാവിലെ എട്ടോടെ സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്.
സ്കൂളിൽ ശുചീകരണത്തിനിടെ പുലി മാനിനെ ഓടിക്കുന്നത് മിന്നായം പോലെ കണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. പിന്നീട് പരിശോധന നടത്തുന്നതിനിടെ പ്രീ- പ്രൈമറി വിദ്യാർഥികൾക്കുള്ള പാർക്കിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പുലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ജീവനക്കാർ പിടിഎ ഭാരവാഹികളെ വിവരം അറിയിച്ചു.
സ്കൂളിന് തൊട്ടുപിന്നിൽ വനമാണ്. ഇവിടെ ഇടയ്ക്കിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പലയിടങ്ങളിലും വളർത്തുമൃഗങ്ങളുടെ ജഡാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കുട്ടികൾക്ക് ഭീഷണിയായ സാഹചര്യത്തിൽ വനംവകുപ്പ് ഉടൻ പുലിയെ പിടികൂടണമെന്ന് പിടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.