വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം; ഒരു യുവാവ് കൂടി അറസ്റ്റിൽ
Tuesday, February 25, 2025 4:51 AM IST
ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിൽ ഒരു യുവാവ് കൂടി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിലിനെ (22) ആണ് അറസ്റ്റിലായത്.
രാമങ്കരി പോലീസാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് മറ്റൊരു പ്രതിയിലേക്ക് കൂടി പോലീസിനെ എത്തിച്ചത്.
കേസിൽ ഇനിയും പിടിയിലാവാനുള്ള പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.