കൂട്ടക്കുരിതിയിൽ അടിമുടി ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
Monday, February 24, 2025 10:12 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അടിമുടി ദുരൂഹതയെന്ന് പോലീസ്. തന്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നും ഇതിനാലാണ് കൂട്ടക്കൊല നടത്തിയശേഷം താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പ്രതി അഫാൻ മൊഴി നൽകി.
എന്നാൽ പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ല. പെൺസുഹൃത്ത് ഫർസാനയെ എന്തിനു കൊന്നു എന്ന ചോദ്യത്തിനു പ്രതി കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്വദേശിനിയായ പെൺകുട്ടി ട്യൂഷനു പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
തിങ്കളാഴ്ച മൂന്നിനാണ് പെൺകുട്ടി അഫാന്റെ വീട്ടിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. സൽമാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷം എസ്.എൻ.പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയത്.
വിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.