ഇസിജിയില്‍ വ്യതിയാനം; പി.സി.ജോര്‍ജിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു
Monday, February 24, 2025 7:30 PM IST
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ റിമാൻഡിലായ മുൻ എംഎൽഎ പി.സി.ജോർജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക്ശേഷം ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പിസിയുടെ ജാമ്യാപേക്ഷ തള്ളി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്യുകയായിരുന്നു. കോടതിയിൽ നിന്ന് വൈദ്യപരിശോധനക്ക് ഇറങ്ങിയ പി.സി. ജോർജ് മാധ്യമങ്ങളോട് ക്ഷുഭിതനായി.
വൈകുന്നേരം ആറുവരെ പോലീസ് കസ്റ്റഡിയിലായിരുന്ന ജോർജിനെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.