സമരം ചെയ്തവരുടെ ശമ്പളം വൈകിപ്പിക്കില്ല; പ്രതികാര നടപടിയിൽ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി
Monday, February 24, 2025 6:21 PM IST
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സമരം ചെയ്ത ജീവനക്കാർക്കെതിരെയുള്ള പ്രതികാര നടപടിയിൽ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. പണിമുടക്കിയവർക്ക് ഡയസ്നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് കെഎസ്ആർടിസി മാനേജ്മെന്റ് പിൻവലിച്ചത്.
ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനിച്ചതിന് പുറമെ സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബില്‍ പ്രത്യേകം തയാറാക്കാൻ കോർപ്പറേഷൻ നിര്‍ദേശം നൽകിയിരുന്നു. ഡയസ്നോണ്‍ ബാധകമല്ലാത്ത ജീവനക്കാരുടെ ബില്ലുകള്‍ സമയബന്ധിതമായി പ്രോസസ് ചെയ്ത് അപ്രൂവല്‍ നല്‍കണം.
ഡയസ്നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളം സ്പാര്‍ക്ക് സെല്ലില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അനുവദിക്കാവൂ എന്നും ചീഫ് അക്കൗണ്ട് ഓഫീസര്‍ നേരത്തെ നിര്‍ദേശം നൽകിയിരുന്നു. ഉത്തരവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ചീഫ് അക്കൗണ്ട്സ് ഓഫീസറെ ഓഫീസിൽ കയറ്റില്ലെന്ന് ടിഡിഎഫ് പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് പ്രതികാര നടപടിയിൽ നിന്ന് മാനേജ്മെന്റ് പിൻമാറുകയായിരുന്നു. കഴിഞ്ഞ നാലിനായിരുന്നു കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ ജീവനക്കാർ പണിമുടക്കിയത്.