മലപ്പുറത്തുനിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
Monday, February 24, 2025 1:26 PM IST
കോഴിക്കോട്: മലപ്പുറത്തുനിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഞായറാഴ്ച കാണാതായ പത്ത്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളിൽനിന്ന് കണ്ടെത്തിയത്.
കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിയത്.
സമീപത്തുള്ള സ്ഥലത്ത് കളിക്കുകയാണെന്നാണ് രക്ഷിതാക്കൾ കരുതിയത്. എന്നാൽ ഏറെ വൈകിയിട്ടും വരാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. എടവണ്ണ പോലീസിൽ പരാതി നൽകുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു.
കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊറ്റമ്മലിൽ ഇറങ്ങിയതും മാളിൽ പോയതും കണ്ടെത്തിയത്.