ജർമൻ തെരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കൺസർവേറ്റീവ് സഖ്യം
Monday, February 24, 2025 4:02 AM IST
ബർലിൻ: ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഫ്രീഡ്റിഷ് മേർട്സിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യം. ആകെയുള്ള 630 സീറ്റിൽ 209 സീറ്റുകൾ സിഡിയു - സിഎസ്യു സഖ്യം നേടിയെന്നാണ് സൂചന.
നിലവിലെ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രീഡ്റിഷ് മേർട്സൻ അടുത്ത ചാൻസലറാകുമെന്നും റിപ്പോർട്ടുകളുണ്ട്. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരത്തിനായി മറ്റു പാർട്ടികളുമായി സഖ്യചർച്ചകൾ മേർട്സ് ആരംഭിച്ചതായും സൂചനകളുണ്ട്.
20% വോട്ടുമായി തീവ്ര വലതു പാർട്ടി ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി)യാണ് രണ്ടാമത്. നിലവിൽ ഭരണത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) 15% വോട്ടുമായി നിലവിൽ മൂന്നാമതാണ്.
നവംബറിൽ ചാൻസലർ ഒലാഫ് ഷോൾസ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടിരുന്നു. തുടർന്നു പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് ജർമനിയിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.