തെരഞ്ഞെടുപ്പിൽ ഇടപെടാൻ യുഎസ് ഫണ്ട്; പരിശോധിക്കുമെന്ന് എസ്. ജയശങ്കര്‍
Sunday, February 23, 2025 4:21 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചെന്ന ആരോപണം കത്തുന്നു. യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചെങ്കിൽ ആശങ്കാജനകമാണെന്നും ആർക്കാണ് പണം കിട്ടിയതെന്ന് പരിശോധിക്കണമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യയിൽ പോളിംഗ് ശതമാനം ഉയർത്താനെന്ന പേരിൽ തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക 170 കോടി രൂപ ചെലവാക്കിയെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അമേരിക്കയിൽ വോട്ടർ പങ്കാളിത്തം ഉയർത്താൻ ഇത് പോലെ പണം ചെലവഴിക്കാത്തതെന്താണെന്ന് ട്രംപ് ചോദിച്ചു. യുഎസ് ഫണ്ട് വന്നത് ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് പ്രതികരിച്ചെങ്കിലും അമേരിക്കയോട് ഇതിന്റെ വിശദാംശം ആവശ്യപ്പെടാൻ ഒരു സർക്കാർ ഏജൻസിയും തയാറായിട്ടില്ല.