എ.വി. റസലിന് അന്ത്യോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി, സംസ്കാരം ഞായറാഴ്ച
Saturday, February 22, 2025 4:07 PM IST
ചങ്ങനാശേരി: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അര്‍പ്പിച്ചു. കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിയാണ് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചത്.
മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ബിജു, വൈക്കം വിശ്വൻ, കെ.കെ. ജയചന്ദ്രൻ, കെ.ജെ. തോമസ് തുടങ്ങിയരും അന്തിമോപചാരം അർപ്പിച്ചു. നിരവധി പ്രവർത്തകരും ആദരാഞ്ജലി അർപ്പിക്കാൻ ഡിസി ഓഫീസിലെത്തി.
കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം ചങ്ങനാശേരിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഏരിയാ കമ്മിറ്റി ഓഫീസായ വിആര്‍ബി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അഞ്ചിന് തെങ്ങണ കണ്ണവട്ടയിലുള്ള ഭവനത്തില്‍ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
വെള്ളിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു റസലിന്റെ അന്ത്യം. ആറു വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജില്ലാസെക്രട്ടറിയായിരുന്ന വി.എന്‍. വാസവന് നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച റസൽ 2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2005ല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.
ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ എ.കെ. വാസപ്പന്റെയും പി. ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മരുമകന്: അലന് ദേവ് ഹൈക്കോടതി അഭിഭാഷകന്.