ഇൻവെസ്റ്റ് കേരള: ആഗോള നിക്ഷേപം ഭാവി പുരോഗതിക്ക് ശക്തി പകരുമെന്ന് ടി.പി. രാമകൃഷ്ണൻ
Saturday, February 22, 2025 2:54 PM IST
തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി വരുന്ന നിക്ഷേപം കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തി പകരുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കോണുകളിൽനിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം. നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണം. ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്.
മന്ത്രി രാജീവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്ന ഗൃഹപാഠമാണ് ആഗോള സംഗമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ലോകശ്രദ്ധ ആകർഷിക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.