ഡെ​റാ​ഡൂ​ണ്‍: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഡി​റ്റി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ണ്ടെ​ത്തി​യ​ത് വ​ന്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്.

വ​ന സം​ര​ക്ഷ​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഐ ​ഫോ​ണും ഓ​ഫീ​സ് അ​ല​ങ്ക​രി​ക്കു​ന്ന വ​സ്തു​ക്ക​ളും ഉ​ള്‍​പ്പെ​ടെ വാ​ങ്ങി​യ​താ​യാ​ണ് സിഎജി അന്വേഷണത്തിൽ ക​ണ്ടെ​ത്തിയത്.

സാ​മ്പ​ത്തി​ക വ​ര്‍​ഷം 2021-22 ല്‍ ​ക​ണ്‍​ട്രോ​ള​ര്‍ ആ​ന്‍റ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണ് വ​നം, ആ​രോ​ഗ്യ വ​കു​പ്പു​ക​ളും തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡും യാ​തൊ​രു ആ​സൂ​ത്ര​ണ​വും അ​നു​മ​തി​യും ഇ​ല്ലാ​തെ പൊ​തു​ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ച്ചു. തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി ബോ​ര്‍​ഡ് 2017 നും 2021 ​നും ഇ​ട​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ 607 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

നി​ര്‍​ബ​ന്ധി​ത വ​ന​വ​ല്‍​ക്ക​ണ ഫ​ണ്ട് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍റ് പ്ലാ​നിം​ഗ് അ​തോ​റി​റ്റി (സി​എ​എം​പി​എ)​യു​ടെ ഏ​ക​ദേ​ശം 14 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വ​ക​മാ​റ്റി​യ​താ​യും ക​ണ്ടെ​ത്തി. ലാ​പ് ടോ​പ്, ഫ്രി​ഡ്ജ്, കൂ​ള​ര്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ന്ന​തി​നും കോ​ട​തി ചെ​ല​വു​ക​ള്‍​ക്കു​മാ​യാ​ണ് തു​ക ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

വ​ന​ത്തി​ന് വേ​ണ്ടി ക​ണ്ടെ​ത്തി​യ ഫ​ണ്ട് വ​നേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​ബ​ന്ധി​ത​മാ​യി ചെ​യ്തി​രി​ക്കേ​ണ്ട വ​ന​വ​ല്‍​ക്ക​ര​ണം 37 കേ​സു​ക​ളി​ല്‍ എ​ട്ട് വ​ര്‍​ഷം എ​ടു​ത്താ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സി​എ​എം​പി​എ സ്‌​കീം പ്ര​കാ​രം ഭൂ​മി തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത് തെ​റ്റാ​യ രീ​തി​യി​ലാ​ണെ​ന്നും സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തി​ന് പു​റ​മെ ഭൂ​മി കൈ​മാ​റ്റ നി​യ​മം ലം​ഘി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.