ജീവനക്കാരിയെ പ്രഷർകുക്കർ കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമം
Saturday, February 22, 2025 12:26 PM IST
പയ്യന്നൂര്‍: സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പ്രഷര്‍കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ജീവനക്കാരിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്തു. പയ്യന്നൂര്‍ മുനിസിപ്പല്‍ കോംപ്ലക്സിലെ ജെആര്‍ ട്രേഡേഴ്സിലെ ജീവനക്കാരിയുടെ പരാതിയിലാണ് സുദീപ് എന്നയാള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയ പ്രതി കടയിലെ ഷെല്‍ഫില്‍ വച്ചിരുന്ന പ്രഷര്‍ കുക്കറെടുത്ത് പരാതിക്കാരിയുടെ തലയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ തലയില്‍ മുറിവേറ്റതായും തല വെട്ടിച്ചില്ലായിരുന്നുവെങ്കില് മരണംവരെ സംഭവിക്കുമായിരുന്നു എന്നുമുള്ള പരാതിയിലാണ് കേസെടുത്തത്. പ്രതിക്കെതിരെ നേരത്തെ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.
ഇതിന്റെ വിരോധമാണ് ആക്രമണത്തിനു കാരണമെന്നും പരാതിയിലുണ്ട്. തലയിൽ പരിക്കേറ്റ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള ജീവനക്കാരിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.