സെഞ്ചുറിയോടെ ആകാശിന്റെ ഒറ്റയാൾ പോരാട്ടം; മുംബൈ 270 റൺസിന് പുറത്ത്, വിദർഭയ്ക്ക് ലീഡ്
Wednesday, February 19, 2025 12:30 PM IST
നാഗ്പുർ: രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരേ മുംബൈയുടെ ഒന്നാമിന്നിംഗ്സ് 270 റൺസിൽ അവസാനിച്ചു. ഇതോടെ വിദർഭ 114 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി.
സെഞ്ചുറിയോടെ മുന്നിൽനിന്നു നയിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ആകാശ് ആനന്ദിന്റെ ചെറുത്തുനില്പാണ് വൻ തകർച്ചയിൽനിന്ന് മുംബൈയെ കരകയറ്റിയത്. 256 പന്തിൽ 11 ബൗണ്ടറികൾ ഉൾപ്പെടെ 106 റൺസെടുത്ത ആകാശ് ആണ് മുംബൈ നിരയിൽ ടോപ് സ്കോറർ.
അതേസമയം, സിദ്ധേഷ് ലാഡ് (35), ശാർദുൽ താക്കൂർ (37), തനുഷ് കോട്യാൻ (33), നായകൻ അജിങ്ക്യ രഹാനെ (18), മോഹിത് ആവസ്തി (10) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
രണ്ടാം ദിനം ഒരു ഘട്ടത്തിൽ രണ്ടിന് 113 എന്ന നിലയിലായിരുന്ന മുംബൈ പൊടുന്നനെ ആറിന് 118 എന്ന നിലയിലേക്ക് വീണിരുന്നു. അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. പിന്നീട് ഏഴാം വിക്കറ്റിൽ ശാർദുൽ താക്കൂറിനൊപ്പം 60 റൺസും ഏഴാം വിക്കറ്റിൽ തനുഷ് കോട്യാനൊപ്പം 69 റൺസും കൂട്ടിച്ചേർത്ത ആകാശ് ആനന്ദാണ് മുംബൈയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
വിദർഭയ്ക്കായി പി.ആർ. രേഖഡെ 55 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ യഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.