പ്രതിരോധം തകർത്ത് ചിന്തൻ ഗജ; കേരളം ഒന്നാമിന്നിംഗ്സിൽ 457ന് പുറത്ത്
Wednesday, February 19, 2025 11:24 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരേ കേരളം 457 റൺസിനു പുറത്ത്. 177 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ കരുത്തിലാണ് കേരളം 450 കടന്നത്.
ഏഴുവിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ മൂന്നാംദിനം ക്രീസിലെത്തിയ കേരളത്തിന്റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്. ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ (11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന് ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ എം.ഡി. നിധീഷിനെ ഒരറ്റത്തു നിർത്തി അസ്ഹറുദ്ദീൻ സ്കോർ 450 കടത്തി.
എന്നാൽ അഞ്ചു റൺസുമായി നിധീഷ് റണ്ണൗട്ടായതോടെ കേരളം ഒമ്പതിന് 455 എന്ന നിലയിലായി. പിന്നാലെ എൻ.പി. ബേസിലിനെ (ഒന്ന്) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഗുജറാത്തിനു വേണ്ടി എ. നാഗ്വാസ്വല്ല മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ചിന്തൻ ഗജ രണ്ടും ആർ.എം. ബിഷ്ണോയി, പി.എൻ. ജഡേജ, വിശാൽ ബി. ജയ്സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
341 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 177 റൺസെടുത്ത അസ്ഹറുദ്ദീനാണ് കേരള നിരയിലെ ടോപ് സ്കോറർ. താരത്തിനു പുറമെ ക്യാപ്റ്റന്‍ സച്ചിന് ബേബി (69), സല്മാന് നിസാര്‍ (52) എന്നിവരും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസെടുത്തിട്ടുണ്ട്. 13 റണ്‍സോടെ പ്രിയങ്ക് പഞ്ചാലും19 റൺസുമായി ആര്യ ദേശായിയുമാണ് ക്രീസില്‍. സ്പിന്നിനെ തുണച്ചുതുടങ്ങിയ പിച്ചില്‍ ഗുജറാത്തിനെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.