ഇരട്ടസെഞ്ചുറിയിലേക്ക് ബാറ്റ് വീശി അസ്ഹർ; 450 കടന്ന് കേരളം
Wednesday, February 19, 2025 10:11 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരേ കേരളം കൂറ്റൻ സ്കോറിലേക്ക്. മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 451 റൺസെന്ന നിലയിലാണ്.
വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം 450 കടന്നത്. 326 പന്തിൽ 19 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 172 റൺസെടുത്ത അസ്ഹറുദ്ദീൻ ക്രീസിലുണ്ട്. അഞ്ചുറൺസുമായി എം.ഡി. നിതീഷാണ് ഒപ്പമുള്ളത്.
ഏഴുവിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ മൂന്നാംദിനം ക്രീസിലെത്തിയ കേരളത്തിന് 11 റൺസെടുത്ത ആദിത്യ സർവാതെയുടെ വിക്കറ്റാണ് നഷ്ടമായത്. പിന്നാലെ ക്രീസിലെത്തിയ എം.ഡി. നിതീഷിനെ ഒരറ്റത്തു നിർത്തി അസ്ഹറുദ്ദീൻ സ്കോർ ഉയർത്തി.
ഗുജറാത്തിനു വേണ്ടി എ. നാഗ്വാസ്വല്ല മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആർ.എം. ബിഷ്ണോയി, പി.എൻ. ജഡേജ, വിശാൽ ബി. ജയ്സ്വാൾ, സി.ടി. ഗജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.