അതിരപ്പിള്ളിയില്‍ മയക്കുവെടിയേറ്റ ആന വീണു; മുറിവില്‍ മരുന്ന് വച്ചു
Wednesday, February 19, 2025 8:52 AM IST
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റതിനെ തുടർന്ന് മയക്കുവെടി വച്ച ആന വീണു. ആനയുടെ മുറിവിൽ ദൗത്യസംഘം മരുന്നുവച്ചു.
ആനയുടെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയുണ്ട്. അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകമാണ്. വീണുകിടക്കുന്ന ആനയെ ഉയര്‍ത്തുന്നതും ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. മൂന്ന് കുങ്കിയാനകളെ ആനയുടെ സമീപമെത്തിച്ചിട്ടുണ്ട്.
രാവിലെ 7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്.
വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീർണ്ണമായ ദൗത്യമാണ് വനംവകുപ്പിന് മുന്നിലുള്ളത്.
ആനയെ സുരക്ഷിതമായി കോടനാട് അഭയാരണ്യത്തിൽ എത്തിക്കാനാണ് ശ്രമം. ആനക്കൂടിന്റെ പണി പൂർത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ചൊവ്വാഴ്ച രാത്രിയോടെ സജ്ജമായി.