എറണാകുളം എളമക്കരയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി
Wednesday, February 19, 2025 6:38 AM IST
കൊച്ചി: എറണാകുളം എളമക്കരയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഞാറക്കൽ സ്വദേശി ജോർജാണ് സൈക്കിൾ ചവിട്ടി വരികയായിരുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.
അർധ രാത്രി പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി വല്ലാർപാടത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിർത്തി ജോർജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രക്ഷിതാക്കൾ എത്തുവോളം പന്ത്രണ്ടുകാരിക്ക് ജോർജ് സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് വല്ലാർപ്പാടത്തേക്ക് കുതിച്ചെത്തിയ പൊലീസ് സംഘം രക്ഷകനിൽ നിന്നും സുരക്ഷിത കരങ്ങളിലേക്ക് കുട്ടിയെ കൈമാറി.
സ്കൂളിൽ വച്ചുണ്ടായ മനോവിഷമമാണ് കുട്ടി വീട്ടിലേക്ക് വരാതിരിക്കാനിടയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. സ്കൂളിൽ നിന്ന് സൈക്കിളിൽ മടങ്ങിയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു.