കമ്പമലയിലെ തീപിടിത്തം; ഒരാൾ അറസ്റ്റിൽ
Tuesday, February 18, 2025 8:10 PM IST
കൽപ്പറ്റ: കമ്പമലയിലെ വനത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
12 ഹെക്ടറിലധികം പുൽമേടാണ് കത്തിനശിച്ചത്. തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് വനംവകുപ്പ് അധികൃതര്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
തിങ്കളാഴ്ച തീപിടിച്ച സ്ഥലത്തിന് സമീപത്തായി ചൊവ്വാഴ്ചയും തീപിടിച്ചിരുന്നു. ഇതോടെയാണ് സ്വാഭാവികമായ തീപിടിത്തമല്ല എന്ന നിഗമനത്തിൽ വനംവകുപ്പെത്തിയത്. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുവരുകയാണ്.